വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ വടകരയില്‍ വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച സംഭവത്തില്‍ പോലിസ് സിപിഎം സംസ്ഥാനസമിതി അംഗവും മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ ഭാര്യയുമായ കെ കെ ലതികയുടെ മൊഴിയെടുത്തു. കേസന്വേഷിക്കുന്ന വടകര ഇന്‍സ്‌പെക്ടര്‍ ടി പി സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ലതികയുടെ കക്കട്ടിലെ വീട്ടിലെത്തിയത്. വനിതാ എസ്‌ഐ ധന്യാ കൃഷ്ണന്‍ മൊഴി രേഖപ്പെടുത്തി. അതിനിടെ, വിഷയത്തില്‍ ആരോപണ വിധേയനായ എംഎസ്എഫ് ജില്ലാ സെക്രട്ടറി പി കെ മുഹമ്മദ് കാസിം ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ഇന്ന് വാദം കേള്‍ക്കും. അഭിഭാഷകന്‍ മുഹമ്മദ് ഷാ മുഖേനയാണ് ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ചെയ്തത്. തന്റെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് സന്ദേശം സൃഷ്ടിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്. ഏപ്രില്‍ 25ന് വൈകീട്ടാണ് തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പി കെ മുഹമ്മദ് കാസിമിന്റെ വാട്‌സാപ്പ് സന്ദേശമെന്ന പേരില്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമാണ് ഇതിലുള്ളത്. സന്ദേശം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കെ കെ ലതിക ഉള്‍പ്പെടെയുള്ളവര്‍ പങ്കുവച്ചത്. എവിടെനിന്നാണ് സന്ദേശം ലഭിച്ചത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങളാണ് കെ കെ ലതികയില്‍നിന്ന് പോലിസ് ശേഖരിച്ചത്. സന്ദേശത്തിന്റെ പേരില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ പരാതിയില്‍ വടകര പോലിസ് അന്ന് രാത്രി തന്നെ കേസെടുത്തിരുന്നു. എന്നാല്‍, വ്യാജ സ്‌ക്രീന്‍ഷോട്ട് മുഹമ്മദ് കാസിമിന്റെ പേരില്‍ വ്യാജമായി ഉണ്ടാക്കിയതാണെന്ന് കാണിച്ച് യൂത്ത് ലീഗും കാസിമും പരാതി നല്‍കി. യൂത്ത് ലീഗിന്റെ പരാതിയിലും കേസെടുക്കുകയും കാസിമിന്റെ ഫോണ്‍ ഉള്‍പ്പെടെ പോലിസ് പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സന്ദേശം അയച്ചത് കാസിമിന്റെ ഫോണില്‍നിന്നാണെന്നതിന് യാതൊരു തെളിവും ലഭിച്ചിരുന്നില്ല. ഇതിനിടെ, വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫും ആര്‍എംപിയും പ്രതിഷേധം ശക്തമാക്കി. ഇതിനു പിന്നാലെയാണ് കെ കെ ലതികയില്‍നിന്ന് മൊഴിയെടുത്തത്. അതേസമയം, സംഭവത്തില്‍ 15ഓളം പേരില്‍നിന്നായി മൊഴിയെടുത്തതായാണ് പോലിസ് നല്‍കുന്ന സൂചന.