മദ്യ ദുരന്തത്തിന്റെ വാര്‍ഷിക ദിനത്തില്‍ മണിച്ചനു ജയില്‍ മോചനം; സ്വീകരിച്ച് എസ്എൻഡിപി
എസ്എൻഡിപി നേതാക്കളും, ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും എത്തി ജയില്‍ കവാടത്തില്‍ എസ്എൻഡിപിയുടെ ഷാള്‍ അണിയിച്ചു മണിച്ചനെ സ്വീകരിച്ചു.
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പട്ട മണിച്ചന്‍ ജയില്‍ മോചിതനായി. സുപ്രിംകോടതി ഉത്തരവിനെത്തുടര്‍ന്ന് ഇന്നു രാവിലെയാണ്, നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നു മണിച്ചന്‍ പുറത്തിറങ്ങിയത്.
എസ്എൻഡിപി നേതാക്കളും, ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും എത്തി ജയില്‍ കവാടത്തില്‍ എസ്എൻഡിപിയുടെ ഷാള്‍ അണിയിച്ചു മണിച്ചനെ സ്വീകരിച്ചു. തനിക്ക് ഒന്നും പറയാനില്ലെന്നും പറഞ്ഞേടത്തോളം മതിയെന്നും മണിച്ചാന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. ഇരുപതു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കു ശേഷം, കല്ലുവാതുക്കല്‍ മദ്യദുരന്തം ഉണ്ടായ അതേ ദിനമാണ് മണിച്ചന്‍ പുറത്തിറങ്ങിയത്.
2000 ഒക്ടോബര്‍ 21ന് ആയിരുന്നു കല്ലുവാതുക്കല്‍ മദ്യദുരന്തം. മണിച്ചന്‍ നല്‍കിയ ചാരായം കഴിച്ച 31 പേരാണ് മരണപ്പെട്ടത്. ആറുപേരുടെ കാഴ്ച്ച നഷ്ടമാവുകയും അഞ്ഞൂറോളം പേർ ആശുപത്രിയിൽ ദിവസങ്ങളോളം ചികിൽസ തേടുകയും ചെയ്യേണ്ടിവന്നിട്ടുണ്ട്.
മണിച്ചനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും പിഴത്തുക അടയ്ക്കാത്തതിനാല്‍ നീണ്ടുപോവുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് മണിച്ചന്റെ ഭാര്യ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. പിഴത്തുക അടയ്ക്കാത്തതിന്റെ പേരില്‍ മാത്രം ഒരാളെ തടങ്കലില്‍ വയ്ക്കാനാവില്ലെന്നായിരുന്നു കോടതി വിധി. കേസിലെ മറ്റ് രണ്ട് പ്രതികളായ മണികണ്ഠന്‍,വിനോദ് കുമാര്‍ എന്നിവര്‍ക്ക് പിഴ അടക്കാതെ തന്നെ ജയില്‍ മോചനം സാധ്യമായെങ്കില്‍ മണിച്ചനും അതേ ആനുകൂല്യം നല്‍കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
പിഴത്തുക അടച്ചാല്‍ മാത്രമെ മോചനം സാധ്യമാകുമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സത്യവാങ്മൂലത്തില്‍ അറിയിച്ചത്. കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ മണിച്ചന് ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമെ, 30 ലക്ഷത്തി നാല്‍പ്പത്തി അയ്യായിരം രൂപ അടയ്ക്കണമെന്നും വിചാരണ കോടതി വിധിച്ചിരുന്നു. ഈ പിഴത്തുക ഇരകള്‍ക്ക് നല്‍കാനും കോടതി വിധിച്ചിരുന്നു. ഈ തുക ഇനി സർക്കാർ നൽകേണ്ടി വരും.