മാലിന്യത്തില്‍ ഉപേക്ഷിച്ച നവജാത ശിശു മരണപ്പെട്ട സംഭവം: മാതാവ് രേഷ്മയ്ക്ക് 10 വര്‍ഷം തടവും അരലക്ഷം പിഴയും

Update: 2024-08-06 12:51 GMT

കൊല്ലം: അജ്ഞാത കാമുകന്റെ ഉപദേശപ്രകാരം മാലിന്യത്തില്‍ ഉപേക്ഷിച്ച നവജാത ശിശു മരണപ്പെട്ട സംഭവത്തില്‍ പ്രതിയായ മാതാവിന് 10 വര്‍ഷം തടവും അരലക്ഷം പിഴയും. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിനി രേഷ്മയ്ക്കാണ് കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 2021 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ച രേഷ്മ കുഞ്ഞിനെ സമീപത്തെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. രേഷ്മ ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ലെന്നാണ് പോലിസിന് നല്‍കിയ മൊഴി. കേസില്‍ 31 സാക്ഷികളെയും 60ലേറെ രേഖകളും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. പാരിപ്പള്ളി പോലിസാണ് അന്വേഷണം നടത്തിയത്.

ഫേസ്ബുക്കിലെ അജ്ഞാത കാമുകന്‍ ചാറ്റിങിനിടെ ഉപദേശിച്ച പ്രകാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നായിരുന്നു പ്രതി രേഷ്മ പോലിസിന് മൊഴി നല്‍കിയത്. പിന്നീട് സാക്ഷിമൊഴികള്‍ പലതും മാറിയെങ്കിലും ഡിഎന്‍എ ഫലം ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ കേസ് വാദിച്ചത്. ഫേസ്ബുക്കിലൂടെ മാത്രം പരിചയമുള്ള കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ വൃത്തിഹീനവും അപകടകരവുമായ സ്ഥലത്ത് രേഷ്മ ഉപേക്ഷിച്ചതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. എന്നാല്‍ ഫേസ്ബുക്കിലൂടെ കാമുകന്‍ എന്ന വ്യാജേന ചാറ്റുചെയ്തിരുന്നത് രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദരഭാര്യ ആര്യയും സഹോദരി പുത്രി ഗ്രീഷ്മയുമായിരുന്നു. രേഷ്മയുടെ അറസ്റ്റിനു പിന്നാലെ പോലിസ് ആര്യയെയും ഗ്രീഷ്മയെയും കണ്ടെത്തുമെന്ന ഘട്ടംവന്നപ്പോള്‍ ഇരുവരെയും ഇത്തിക്കര ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പോലിസ് കണ്ടെത്തല്‍. അതേസമയം, വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അറിയിച്ചു.

Tags:    

Similar News