കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം: വര്‍ഗ്ഗീയ നീക്കങ്ങള്‍ പൊളിഞ്ഞു; വിചാരണ അന്തിമ ഘട്ടത്തില്‍
വിചാരണക്കിടെ കേസ് അട്ടിമറിക്കാല്‍ക്കാനും തബ് ലീഗ് ജമാഅത്തിനെ പ്രതിക്കൂട്ടിലാക്കാനുമുള്ള നീക്കങ്ങള്‍ അരങ്ങേറി. വര്‍ഗ്ഗീയ ലക്ഷ്യത്തോടെയുള്ള ആരോപണങ്ങള്‍ തള്ളിയാണ് വിചാരണ നടപടികള്‍ തുടര്‍ന്നത്
പിസി അബ്ദുല്ല
കല്‍പറ്റ: പ്രമാദമായ കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതക്കേസ് വിചാരണ അവസാന ഘട്ടത്തില്‍.വിചാരണക്കിടെ വര്‍ഗ്ഗീയ ലക്ഷ്യങ്ങളോടെ കേസ് അട്ടിമറിക്കാല്‍ക്കാനുള്ള പ്രതിഭാഗം നീക്കം പൊളിഞ്ഞു. അന്വേഷണത്തിന് മേല്‍ നോട്ടം വഹിച്ച മാനന്തവാടി ഡിവൈഎസ്പിയായിരുന്ന കെ ദേവസ്യയുടെ വിസ്താരം മാത്രമാണ് ഇനി നടക്കാനുള്ളത്. ഇന്നു മുതല്‍ കെ ദേവസ്യയുടെ വിചാരണ തീരുമാനിച്ചിരുന്നെങ്കിലും മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ വിചാരണ ഡിസംബര്‍ ഒന്നിലേക്ക് കോടതി മാറ്റി. അടുത്ത മാസം പതിനഞ്ചിനകം വിധി ഉണ്ടായേക്കും. കേസില്‍ 72 സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ 45 ഓളം പേരെ മാത്രമാണ് വിസ്താരിച്ചത്. 2018 ജൂലൈ ആറിനാണ് വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മറും(26) ഭാര്യ ഫാത്തിമ(19)യും വെട്ടേറ്റ് കൊല്ലപ്പെട്ടത്. പ്രതി തൊട്ടില്‍പ്പാലം കലുങ്ങോട്ടുമ്മല്‍ മരുതോറയില്‍ വിശ്വന്‍ എന്ന വിശ്വനാഥന്‍ മോഷണ ഉദ്ദേശത്തോടെ ദമ്പതികളെ കൊലപ്പെടുത്തിയെന്നാണു കേസ്. പത്തു പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതി കവര്‍ന്നു. തെളിവുകള്‍ അവശേഷിപ്പിക്കാതെ നടത്തിയ ക്രൂര കൃത്യത്തില്‍ രണ്ടുമാസം നീണ്ട ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
2020 നവംബറിലാണ് കല്‍പ്പറ്റ ജില്ലാ കോടതിയില്‍ വിചാരണ ആരംഭിച്ചത്. കണ്ടത്തുവയലില്‍ യുവ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കിടെ ദുരൂഹ നീക്കങ്ങളുമായി പ്രതിഭാഗം രംഗത്തു വന്നു. വിചാരണക്കിടെ കേസ് അട്ടിമറിക്കുന്ന തരത്തിലുള്ള ആരോപണങ്ങളുയര്‍ത്തി പ്രതി ഭാഗം രംഗത്തു വന്നതിനു പിന്നില്‍ സംഘപരിവാര ഇടപെടലാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. കൊലപാതകത്തിനു പിന്നില്‍ പോലിസ് അറസ്റ്റ് ചെയ്ത പ്രതിയല്ലെന്നും ഒരു സംഘടനയോടുള്ള ചിലരുടെ വിരോധമാണ് കൊലക്കു കാരണമെന്നുമാണ് പ്രതി ഭാഗം വിചാരണക്കിടെ ആരോപണം ഉന്നയിച്ചത്. മരണപ്പെട്ട ദമ്പതികളുടെ വീട്ടില്‍ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി പലരും വന്ന് താമസിച്ച് മതപഠനം നടത്തുന്നതായുള്ള പരാതി സംഘപരിവാര കേന്ദ്രങ്ങള്‍ വെള്ളമുണ്ട പോലിസിന് നല്‍കിയിരുന്നുവെന്നാണ് വിചാരണക്കിടെ പ്രതിഭാഗം കോടതിയെ അറിയിച്ചത്. തബ്‌ലീഗ് ജമാഅത്തിനെതിരെയായിരുന്നു പരാതിക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ഇങ്ങനെയൊരു പരാതിയെക്കുറിച്ച് അറിയില്ലെന്നാണ് വെള്ളമുണ്ട പോലിസിന്റെ വിശദീകരിച്ചതോടെ പ്രതിഭാഗത്തിന്റെയും സംഘപരിവാരത്തിന്റെയും നീക്കം പൊളിഞ്ഞു.
പ്രതിക്കെതിരേ മതിയായ തെളിവുകളുള്ള കേസില്‍ നാടകീയമായായിരുന്നു പ്രതിഭാഗത്തിന്റെ നീക്കം. കൊവിഡുമായി ബന്ധപ്പെടുത്തിയും മറ്റും തബ്‌ലീഗ് ജമാഅത്തിനെതിരേ സംഘപരിവാരം ഉയര്‍ത്തിയ ആരോപണങ്ങളുടെ പുകമറയില്‍ കണ്ടത്തുവയല്‍ ഇരട്ടക്കൊലക്കേസിനെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് തകര്‍ന്നത്. ശക്തമായ ബാഹ്യ ഇടപെടല്‍ നടന്നതിന്റെ സൂചനകള്‍ നേരത്തെയും പുറത്തു വന്നിരുന്നു. ആശാരിപ്പണിക്കാരനാണ് പ്രതി. ഇയാള്‍ക്കോ കുടുംബത്തിനോ ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന അഭിഭാഷകരെ ഏര്‍പ്പെടുത്താനുള്ള സാമ്പത്തിക ശേഷിയില്ലെങ്കിലും വന്‍ തുക പ്രതിഫലം പറ്റുന്ന അഡ്വ. ആളുരിനെയടക്കം പ്രതിക്കു വേണ്ടി രംഗത്തിറക്കാന്‍ നീക്കമുണ്ടായി.
ഇതിനുള്ള പണം എവിടെ നിന്ന് ലഭിക്കുമെന്നത് ദുരൂഹത ഉയര്‍ത്തിയിരുന്നു. വിചാരണ ആരംഭിച്ച ശേഷം സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി ക്രിമിനല്‍ അഭിഭാഷകനായ അഡ്വ. ബി എ ആളൂരിനെ നിയമിക്കണമെന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേസില്‍ സര്‍ക്കാരിന്റെ സൗജന്യ നിയമസഹായം ഉളളതിനാല്‍ ആളൂരിന് അവസരം ലഭിച്ചില്ല. കോടതിനിയമിച്ച അഡ്വ.ഷൈജു മാണിശേരിയാണ് പ്രതിഭാഗം വക്കീല്‍.കൊലപാതകം നടത്തിയ ശേഷം പ്രതിസഞ്ചരിച്ച ബസ്സിലെ കണ്ടക്ടര്‍, െ്രെഡവര്‍, കൊല്ലപ്പെട്ട ഉമര്‍, ഫാത്തിമ എന്നവരെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മെഡിക്കല്‍ കോളജിലെ സര്‍ജന്മാര്‍, ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള മറ്റ് അന്വേഷണ ഉദ്യോഗസ്ഥര്‍, ബിഎസ്എന്‍എല്‍, ഐഡിയ മൊബൈല്‍കമ്പനി അധികൃതര്‍ തുടങ്ങിയവരെ വിസ്തരിച്ചു.