കാഞ്ഞാര്‍ അബ്ദുര്‍ റസാഖ് മൗലവി; സമര പോരാട്ടങ്ങളിലെ നിര്‍ഭയ നേതൃത്വം-മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

Update: 2024-05-17 12:04 GMT

തിരുവനന്തപുരം: കാഞ്ഞാര്‍ അബ്ദുര്‍ റാസാഖ് മൗലവിയുടെ വിയോഗം വേദനയുളവാക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചന സന്ദേശത്തില്‍ പ്രസ്താവിച്ചു. സമൂഹത്തിന് വേണ്ടി നിരന്തരമായി ഇടപെടുകയും സമര പോരാട്ടങ്ങള്‍ക്ക് നിര്‍ഭയത്വത്തോടെ നേതൃത്വം വഹിക്കുകയും ചെയ്തിരുന്ന മാതൃകാ പണ്ഡിതനായിരുന്നു കാഞ്ഞാര്‍ അബ്ദുര്‍ റസാഖ് മൗലവി. ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നതിനോടൊപ്പം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അതിന്റെ പരിഹാരത്തിന് വേണ്ടി പരിശ്രമിച്ചുകൊണ്ടിരുന്ന ഒരു വ്യക്തിത്വം കൂടിയാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം ഒരുപാട് കാലങ്ങളായി വിവിധ പ്രവര്‍ത്തന മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ജീവിതത്തിലെ ലാളിത്യവും പെരുമാറ്റത്തിലെ സൗമ്യതയും സമൂഹത്തെക്കുറിച്ചുള്ള നിരന്തരമായ ചര്‍ച്ചകളും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. സംഘപരിവാര്‍ ഫാഷിസം മതന്യൂനപക്ഷങ്ങള്‍ക്കുനേരെ കൊലവിളി ഉയര്‍ത്തുമ്പോള്‍ അതിനെതിരെയുള്ള ആശയ സമര പോരാട്ട രംഗത്ത് അദ്ദേഹത്തിന്റെ നേതൃപരമായ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും നടന്ന ഒട്ടനവധി സമരങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട് അദ്ദേഹം. സംവരണത്തിന് വേണ്ടിയുള്ള സമര രംഗത്തും ഫാഷിസ്റ്റ്-സാമ്രാജ്യത്വ വിരുദ്ധ മനുഷ്യവകാശ സംരക്ഷണ കൂട്ടായ്മയിലുമെല്ലാം നിറ സാന്നിധ്യമായിരുന്നു അബ്ദുര്‍ റസാഖ് മൗലവി. സേവനം ചെയ്ത മഹല്ലുകളില്‍ അദ്ദേഹത്തിനുള്ള സ്വാധീനവും വ്യക്തി ബന്ധങ്ങളും അത്ഭുതപ്പെടുത്തുന്നതാണ്. എല്ലാവരുമായി നല്ല ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുകയും മാതൃകാപരമായി പെരുമാറുകയും സാഹചര്യത്തിന് അനുസരിച്ച് സമൂഹത്തില്‍ ഇടപെടുകയും നേതൃത്വം കൊടുക്കുകയും ചെയ്ത അതുല്യ വ്യക്തിത്വമായിരുന്നു കാഞ്ഞാര്‍ അബ്ദുര്‍ റാസാഖ് മൗലവി. വേര്‍പാടില്‍ അഗാധമായ വേദന പങ്കുവയ്ക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് ധാര്‍മികമായ പ്രതിഫലമെന്ന നിലയില്‍ സ്വര്‍ഗം ലഭ്യമാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹം നിര്‍വഹിച്ച ദൗത്യം ഏറ്റെടുക്കാന്‍ പണ്ഡിതന്മാരായ അദ്ദേഹത്തിന്റെ മക്കള്‍ക്കും ബന്ധപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും സന്ദേശത്തില്‍ വ്യക്തമാക്കി.

Tags:    

Similar News