കണ്ണൂർ വിമാനത്താവളം: കൂടുതൽ സർവീസുകൾ ആരംഭിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് വ്യോമയാന മന്ത്രി

Update: 2022-12-20 14:16 GMT

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ച ലക്ഷ്യമിട്ട് വിവിധ ആവശ്യങ്ങളുമായി ഡൽഹിയിലെത്തിയ 'ടീം ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി' പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കണ്ണൂരിൽ നിന്നുള്ള ഉദ്ഘാടന വിമാനത്തിൽ അബുദാബിയിലേക്കും തിരികെയും യാത്ര ചെയ്തവരുടെ കൂട്ടായ്മയാണ് ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി.

ഹജ് എംബാർക്കേഷൻ കേന്ദ്രമായി കണ്ണൂരിനെ മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ. സ്മൃതി ഇറാനി ഉറപ്പു നൽകി. വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, ജോൺ ബ്രിട്ടാസ് എംപി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നും സ്മൃതി ഇറാനിയുമായുള്ള കൂടിക്കാഴ്ച. ഇക്കാര്യത്തിൽ സജീവമായി ഇടപെടുമെന്ന് കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാനും ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായ എ.പി.അബ്ദുല്ലക്കുട്ടിയും പ്രതിനിധിസംഘത്തെ അറിയിച്ചു.

കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ, സിവിൽ ഏവിയേഷൻ സെക്രട്ടറി രാജീവ് ബൻസാൽ എന്നിവരെയും സംഘം ഡൽഹിയിലെ ഓഫിസുകളിലെത്തി നേരിൽക്കണ്ട് കണ്ണൂർ വിമാനത്താവള വികസനത്തിന് പിന്തുണ തേടി. എംപിമാരായ കെ.സുധാകരൻ, രാജ്മോഹൻ ഉണ്ണിത്താൻ‌, പി.സന്തോഷ് കുമാർ, വി.ശിവദാസ്, കെ.മുരളീധരൻ, എ.എ.റഹിം എന്നിവരുമായും ഡോ. ഷമ മുഹമ്മദ് ഉൾപ്പെടെയുള്ള നേതാക്കളുമായും വ്യാപാര വ്യവസായ രംഗത്തുള്ളവരുമായും സംഘം കൂടിക്കാഴ്ച നടത്തി.

എയർഇന്ത്യ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാന കമ്പനികളുടെ ഓഫിസുകളിലും സംഘാംഗങ്ങൾ നേരിട്ടെത്തി കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. വിദേശ വിമാനങ്ങൾക്ക് അനുമതി, കൂടുതൽ ആഭ്യന്തര സർവീസുകൾ, വിദേശത്തെ കൂടുതൽ വിമാനത്താവളങ്ങളിലേക്ക് സർവീസുകൾ തുടങ്ങിയ ആവശ്യങ്ങൾ ഉൾപ്പെട്ട നിവേദനവും സംഘം നൽകി.

ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി വൈസ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് കെ.എസ്.എ, സെക്രട്ടറി ടി.വി.മധുകുമാർ, കോഓർഡിനേറ്റർ റഷീദ് കുഞ്ഞിപ്പാറാൽ, എ.സദാനന്ദൻ തലശ്ശേരി, ജയദേവ് മാൽഗുഡി, എസ്.കെ.ഷംസീർ, ബൈജു കുണ്ടത്തിൽ, ഫൈസൽ മുഴപ്പിലങ്ങാട്, കെ.വി.ബഷീർ, അബ്ദുൽ ഖാദർ പനക്കാട്ട്, ഹാരിഫ് മൊയ്ദു തുടങ്ങിയവരാണ് പ്രതിനിധിസംഘത്തിൽ ഉണ്ടായിരുന്നത്.

Similar News