കുറ്റസമ്മതം നടത്തിയെന്ന കണ്ണൂര്‍ കലക്ടറുടെ മൊഴി വിശ്വാസത്തിലെടുക്കുന്നില്ല: നവീന്‍ ബാബുവിന്റെ ഭാര്യ
കണ്ണൂര്‍: കലക്ടര്‍ അരുണ്‍ കെ വിജയനെതിരെ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബം. നവീന്‍ ബാബു ചേംബറിലെത്തി കണ്ടെന്ന കലക്ടറുടെ മൊഴി വിശ്വസിക്കുന്നില്ലെന്ന് ഭാര്യ മഞ്ജുഷ പറഞ്ഞു. കലക്ടറുമായി നവീന്‍ബാബുവിന് അടുപ്പമുണ്ടായിരുന്നില്ലെന്നും അവര്‍ പ്രതികരിച്ചു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കലക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് മഞ്ജുഷ പറഞ്ഞു. കലക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു.
'മറ്റ് കലക്ടര്‍മാരുമായി നല്ല ബന്ധമുണ്ടായിരുന്നു. എന്നാല്‍ കണ്ണൂര്‍ കലക്ടര്‍ പറഞ്ഞതുപോലെ ഒരു ആത്മബന്ധവും ഇരുവരും തമ്മില്‍ ഉണ്ടായിരുന്നില്ല. മനസിലുള്ളത് പറയാന്‍ മാത്രം ബന്ധം സൂക്ഷിച്ചിരുന്നില്ല. ചേംബറിലെത്തി തുറന്നു പറച്ചില്‍ നടത്തിയെന്നത് വിശ്വസിക്കുന്നില്ല. കലക്ടറോട് ഒരു ലീവ് ചോദിക്കാന്‍ പോലും നവീന്‍ ബാബുവിന് മടിയായിരുന്നു. രാവിലെ വന്നിട്ട് വൈകീട്ട് തിരികെ കണ്ണൂരിലേക്ക് പോയ ദിവസങ്ങളുണ്ട്', മഞ്ജുഷ പറഞ്ഞു.
ചടങ്ങ് കഴിഞ്ഞതിന് ശേഷം തന്റെ ചേംബറിലെത്തി നവീന്‍ ബാബു കണ്ടിരുന്നുവെന്നാണ് കണ്ണൂര്‍ കലക്ടര്‍ പോലിസിന് നല്‍കിയ മൊഴി. എന്നാല്‍ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ പരാമര്‍ശമില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പ്രതികരിച്ചിരുന്നു. കലക്ടറുടെ മൊഴി ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയാണ് അറസ്റ്റിലായ പി പി ദിവ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.