എഡിഎം നവീന്‍ ബാബുവിന്റെ മരണം; ദിവ്യക്കെതിരെ ഗുരുതര ആരോപണവുമായി പ്രോസിക്യൂഷന്‍

Update: 2024-10-24 11:51 GMT

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ ഗുരുതര ആരോപണവുമായി പ്രോസിക്യൂഷന്‍. യാത്രയയപ്പ് യോഗത്തില്‍ ദിവ്യയുടേത് വ്യക്തമായ ഭീഷണി സ്വരമാണ്. രണ്ടുദിവസത്തിനകം കാണാമെന്ന് ദിവ്യ പറഞ്ഞത് അതാണ്. പി പി ദിവ്യ എഡിഎമ്മിനെ വ്യക്തിഹത്യ നടത്തി. സ്വന്തം കുടുംബത്തെപ്പറ്റി കോടതിയില്‍ പറയുന്ന പി പി ദിവ്യ, അപ്പോള്‍ നവീന്‍ ബാബുവിന്റെ കുടുംബത്തെപ്പറ്റി എന്തു പറയുമെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ ഗവണ്‍മെന്റ് പ്ലീഡര്‍ കെ അജിത് കുമാര്‍ ചോദിച്ചു.

പിതാവിന് ആരോഗ്യപ്രശ്‌നമുണ്ടെന്നതടക്കമുള്ള ദിവ്യയുടെ വാദങ്ങള്‍ ചൂണ്ടിക്കാട്ടി, നവീന്‍ബാബുവിനും കുടുംബവും മക്കളുമുണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി കലക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം നിലനില്‍ക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ദിവ്യ 10 വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിട്ടുള്ളത്. ദിവ്യ യോഗത്തിന് എത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണ്. മാധ്യമപ്രവര്‍ത്തകനെ വിളിച്ച് യോഗം റെക്കോര്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ ദിവ്യ പിന്നീട് ആവശ്യപ്പെട്ടു. ദിവ്യയുടെ വ്യക്തിഹത്യയാണ് നവീന്‍ബാബുവിന്റെ മരണത്തിന് കാരണമായതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

എഡിഎമ്മിനെക്കുറിച്ചുള്ള പരാതി ദിവ്യ രാവിലെ ജില്ലാ കലക്ടറോട് പറഞ്ഞിരുന്നു. ഇക്കാര്യം യോഗത്തില്‍ ഉന്നയിക്കുമെന്നും സൂചിപ്പിച്ചു. അത് ഉന്നയിക്കാനുള്ള സമയം ഇതല്ലെന്നാണ് കലക്ടര്‍ മറുപടി നല്‍കിയത്. ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാമനാണ്. ഗംഗാധരന്‍ എഡിഎം നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

അഴിമതി കണ്ടാല്‍ മൈക്ക് വെച്ചു കെട്ടി പറയുകയാണോ ചെയ്യുന്നതെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. അന്വേഷണ സംവിധാനത്തെ സമീപിക്കണം. ദിവ്യയ്ക്ക് പരാതി ഉണ്ടെങ്കില്‍ ബന്ധപ്പെട്ട അധികൃതരുടെ മുന്നില്‍ പരാതിപ്പെടുകയായിരുന്നു വേണ്ടത്. യാത്രയയപ്പ് യോഗം റെക്കോര്‍ഡ് ചെയ്തത് ആസൂത്രിതമാണ്. ആ ദൃശ്യങ്ങള്‍ പിന്നീട് ദിവ്യ ചോദിച്ചു വാങ്ങിയെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.




Tags:    

Similar News