കണ്ണൂരിൽ മേലുദ്യോഗസ്ഥരുടെ ജാതീയ പീഡനം; രാജിക്കൊരുങ്ങി ആദിവാസി പോലിസുകാരൻ

നിലവില്‍ എ.ആര്‍ ക്യാംപിൽ ജോലി ചെയ്യുന്ന കെ.രതീഷ് 2015 ലാണ് സേനയിലെത്തിയത്. ആത്മാഭിമാനം തകര്‍ക്കുന്ന തരത്തില്‍ അധിക്ഷേപങ്ങള്‍ കൂടിവന്നപ്പോഴാണ് രതീഷ് ജോലി വിടാന്‍ തീരുമാനിക്കുന്നത്.

Update: 2019-06-14 17:38 GMT

കണ്ണൂർ: കണ്ണൂരിൽ ഉന്നത ഉദ്യോഗസ്ഥരുടെ ജാതീയ പീഡനത്തില്‍ മനംനൊന്ത് ആദിവാസി വിഭാഗത്തില്‍പെട്ട സിവില്‍ പൊലീസ് ഓഫിസര്‍ രാജി അപേക്ഷ നല്‍കി. കണ്ണവം വനമഖലയിലെ കുറിച്യ വിഭാഗത്തില്‍ നിന്നുള്ള കെ.രതീഷാണ് രാജിക്കത്ത് നൽകിയത്. പോസ്റ്റല്‍ ബാലറ്റ് പൊലീസ് അസോസിയേഷന് നല്‍കാതിരുന്നതോടെ പക ഇരട്ടിയായെന്നും അപമാനം സഹിച്ച് ജോലിയില്‍ തുടരാനാകില്ലെന്നും കെ.രതീഷ് പറഞ്ഞതായി മനോരമ ന്യൂസ് റിപോർട്ട് ചെയ്യുന്നു.

നിലവില്‍ എ.ആര്‍ ക്യാംപിൽ ജോലി ചെയ്യുന്ന കെ.രതീഷ് 2015 ലാണ് സേനയിലെത്തിയത്. ആത്മാഭിമാനം തകര്‍ക്കുന്ന തരത്തില്‍ അധിക്ഷേപങ്ങള്‍ കൂടിവന്നപ്പോഴാണ് രതീഷ് ജോലി വിടാന്‍ തീരുമാനിക്കുന്നത്. എസ്.ഐ. പുരുഷോത്തമന്‍, സിപിഒമാരായ മുകേഷ്, പ്രജിത്ത്, രജീഷ് എന്നിവര്‍ക്കെതിരെ പരാതിയും നല്‍കി. അവധിക്ക് അപേക്ഷിക്കുമ്പോള്‍ പോലും അപമാനം നേരിടേണ്ടി വന്നു. പലര്‍ക്കും സമാനമായ അനുഭവമുണ്ട്.

കുടുംബാഗങ്ങളെ ഓര്‍ത്താണ് പലരും മിണ്ടാത്തത്. ഒറ്റയ്ക്കായതിനാലാണ് ഇതിനെതിരെ ശബ്ദിക്കുന്നതെന്നും രതീഷ് പറഞ്ഞു. പോസ്റ്റല്‍ ബാലറ്റ് കൈമാറാത്തത് രതീഷിനോട് വൈരാഗ്യം കൂടാന്‍ കാരണമായി. അതേസമയം വാർത്ത പുറത്ത് വന്നതിന് പിന്നാലെ കണ്ണൂര്‍ എസ്.പി പ്രതീഷ് കുമാർ അന്വേഷണത്തിന് ഉത്തരവിട്ടു, അഡീഷണൽ എസ്പിക്കാണ് ചുമതല. 

Tags:    

Similar News