കര്‍ണാടക പ്രതിസന്ധി: വിമത എംഎല്‍എമാരുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍
രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വിമത എംഎല്‍എമാര്‍ ഹരജി നല്‍കിയത്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്-ജനതാദള്‍(എസ്) സഖ്യ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കര്‍ണാടകയിലെ 15 വിമത എംഎല്‍എമാര്‍ നല്‍കിയ രാജി സ്വീകരിക്കാത്തതിനെ തുടര്‍ന്നു സ്പീക്കര്‍ക്കെതിരേ നല്‍കിയ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വിമത എംഎല്‍എമാര്‍ ഹരജി നല്‍കിയത്. കേസില്‍ സ്പീക്കറുടെ അധികാരങ്ങളില്‍ കോടതിക്ക് ഏത് അളവുവരെ ഇടപെടാം എന്നതാവും പ്രധാനമായും കോടതി പരിശോധിക്കുക. എംഎല്‍എമാരുടെ രാജികത്തുകളിന്മേല്‍ ഒരു ദിവസത്തിനകം തീരുമാനം എടുക്കണമെന്ന സുപ്രിംകോടതി നിര്‍ദേശം നേരത്തേ സ്പീക്കര്‍ തള്ളിയിരുന്നു. ഭരണഘടനയുടെ 190ാം അനുഛേദം പ്രകാരം രാജിക്കത്തുകളില്‍ വിശദമായ പരിശോധന നടത്തി തീരുമാനം എടുക്കാനുള്ള അധികാരമുണ്ടെന്നാണ് സ്പീക്കറുടെ നിലപാട്. ഇതുപ്രകാരം നിശ്ചിത സമയത്തിനകം തീരുമാനമെടുക്കണമെന്ന് കോടതിക്ക് ഉത്തരവിടാനാവില്ലെന്നും സ്പീക്കര്‍ വാദിച്ചിരുന്നു. ഇതോടെയാണ് കേസിലെ ഭരണഘടനാപരമായ വശങ്ങള്‍ വിശദമായി പരിശോധിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജയ് ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്. എംഎല്‍മാര്‍ കൂട്ടത്തോടെ രാജിക്കത്ത് നല്‍കിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വരെ തദ്സ്ഥിതി തുടരാന്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.