ഹിജാബ് വിലക്കിയ ഹൈക്കോടതി വിധി ഭരണഘടനയ്ക്ക് എതിര്: പോപുലര്‍ ഫ്രണ്ട്

Update: 2022-03-15 06:55 GMT

കോഴിക്കോട്: ശിരോവസ്ത്രം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും ക്ലാസില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജികള്‍ കര്‍ണാടക ഹൈക്കോടതി വിശാല ബെഞ്ച് തള്ളിയ നടപടി ഭരണഘടന തത്വങ്ങള്‍ക്ക് എതിരാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു.

ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് കര്‍ണാടക ഹൈക്കോടതി വിധിയിലൂടെ സംഭവിച്ചിരിക്കുന്നത്. ഇഷ്ടമുള്ള മതവിശ്വാസം തെരഞ്ഞെടുക്കാനും അതനുസരിച്ച് ജീവിക്കാനും സ്വാതന്ത്ര്യം നല്‍കുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്ന ഭരണഘടനയുടെ മൗലിക തത്വങ്ങളെ നിഷേധിക്കുകയാണ് കര്‍ണ്ണാടക ഹൈക്കോടതി ചെയ്തിട്ടുള്ളത്. ഭരണഘടനയിലും നീതി നിര്‍വഹണ സംവിധാനങ്ങളിലും ജനങ്ങള്‍ക്ക് ഉള്ള വിശ്വാസത്തെ തകര്‍ക്കാന്‍ ഈ വിധി കാരണമാവും.

അധികാരം ഉപയോഗിച്ച് രാജ്യം മുഴുക്കെ ഹിന്ദുത്വ ഫാഷിസം ന്യൂനപക്ഷങ്ങളെ അരികുവല്‍ക്കരിക്കാനും രണ്ടാംകിട പൗരന്മാരാക്കാനും ആസൂത്രിത നീക്കം നടത്തുകയാണ്. ന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങളില്‍ പോലും കൈ കടത്തി അവരുടെ ചിഹ്നങ്ങളേയും സംസ്‌കാരത്തേയും ഇല്ലാതാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ അതിനെ സാധൂകരിക്കുന്ന വിധി പ്രസ്താവമാണ് കോടതികളില്‍ നിന്നുണ്ടാവുന്നത്.

ഈ വിധി രാജ്യത്തെ അത്യന്തികമായി അരക്ഷിതാവസ്ഥയിലേക്കാണ് കൊണ്ടെത്തിക്കുക. നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത വീണ്ടെടുക്കാന്‍ മേല്‍ക്കോടതി ഈ വിധി തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News