കര്‍ണാടകത്തില്‍ തോക്കുകള്‍ അടക്കം ഉപയോഗിച്ച് ആയുധപരിശീലന ക്യാംപ് സംഘടിപ്പിച്ച് ശ്രീരാമ സേന (വീഡിയോ)
ബംഗളൂരു: കര്‍ണാടകത്തിലെ ബഗല്‍ക്കോട്ടില്‍ തോക്കുകള്‍ അടക്കം ഉപയോഗിച്ച് ആയുധപരിശീലന ക്യാംപ് നടത്തി ഹിന്ദുത്വ സംഘടനയായ ശ്രീരാമസേന. ഡിസംബര്‍ 25 മുതല്‍ 29 വരെയാണ് ബഗല്‍ക്കോട്ടിലെ ജാംഖണ്ഡിയിലെ തോഡല്‍ബാഗി ഗ്രാമത്തില്‍ ക്യാംപ് നടന്നത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 186 പേരാണ് ക്യാംപില്‍ പങ്കെടുത്തത്. ഇതിന്റെ ദൃശ്യങ്ങളും ഹിന്ദുത്വര്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചെന്നും കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ബഗല്‍ക്കോട്ട് എസ്പി അമര്‍നാഥ് റെഡ്ഡി പറഞ്ഞു.
കര്‍ണാടകത്തില്‍ ആയുധപരിശീലന ക്യാംപ് സംഘടിപ്പിച്ച് ശ്രീരാമ സേന (വീഡിയോ) pic.twitter.com/W9icyjhpn7
— Thejas News (@newsthejas) January 7, 2025
'' എന്തൊക്കെ തരം ആയുധങ്ങളാണ് ഉപയോഗിച്ചത് എന്ന് പരിശോധിക്കുകയാണ്. നിയമവിരുദ്ധ പ്രവര്‍ത്തനം കണ്ടെത്തിയാല്‍ ഉചിതമായ നടപടി സ്വീകരിക്കും. ക്യാംപിന്റെ അവസാന ദിവസമാണ് തോക്കുപയോഗിച്ച് പരിശീലനം നടന്നത്. വ്യക്തിത്വ വികസന ക്യാംപ് നടത്തിയെന്നാണ് സംഘാടകര്‍ പറയുന്നത്. എന്തൊക്കെ ആയുധങ്ങള്‍ ഉപയോഗിച്ചു എന്നു പരിശോധിക്കും. സവലാഗി പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് ക്യാംപ് നടന്നിരിക്കുന്നത്.''-എസ്പി പറഞ്ഞു.
ആദ്യകാല ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രമോദ് മുത്തലിഖ് എന്നയാളാണ് 2005ല്‍ ശ്രീരാമസേന രൂപീകരിച്ചത്. മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ദലിതുകള്‍ക്കും എതിരേ നിരവധി ആക്രമണങ്ങള്‍ ഈ സംഘടന നടത്തി. ഇന്ത്യന്‍ പാരമ്പര്യം ലംഘിച്ചുവെന്നാരോപിച്ച് ഒരു ഹിന്ദു പെണ്‍കുട്ടിയെ 2009ല്‍ ശ്രീരാമസേന പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇതോടെയാണ് ഈ സംഘടനയെ കുറിച്ച് പൊതുസമൂഹം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന കേസിലും ഈ സംഘടനയുടെ പങ്ക് കണ്ടെത്തിയിരുന്നു. പ്രമോദ് മുത്തലിഖിനെതിരേ കര്‍ണാടകയില്‍ 45 കേസുകളുണ്ട്. മുസ്‌ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്ന് 2022ല്‍ മുത്തലിഖ് ആഹ്വാനം ചെയ്തിരുന്നു.
രണ്ടുവര്‍ഷം മുമ്പ് മടിക്കേരിയിലെ ഒരു സ്‌കൂളില്‍ സംഘപരിവാര സംഘടനയായ വിശ്വ ഹിന്ദുപരിഷത്തിന്റെ യുവജന വിഭാഗമായ ബജ്‌റംഗ് ദള്‍ ആയുധപരിശീലനം നടത്തിയിരുന്നു. പ്രവര്‍ത്തകര്‍ക്ക് ആയുധ-ശാരീരിക പരിശീലനം നല്‍കുമെന്ന് 2021ല്‍ പ്രമോദ് മുത്തലിഖും പ്രഖ്യാപിച്ചു.