കര്‍ണാടക ഗോഹത്യയും ബീഫ് ഉപയോഗവും ഉടനെ നിരോധിക്കുമെന്ന് മന്ത്രി

2018 ലെ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ബിജെപിയുടെ വാഗ്ദാനങ്ങളിലൊന്നാണ് ഗോഹത്യയും ബീഫ് നിരോധനവും.

Update: 2020-07-11 13:43 GMT

ബംഗളൂരു: കര്‍ണാടകയില്‍ ഗോഹത്യയും ബീഫ് ഉപേയാഗവും ഉടനെ നിരോധിക്കാനൊരുങ്ങുന്നു. ഇതിനായി ഉടന്‍ നിയമ നിര്‍മാണം നടത്തുമെന്ന് സംസ്ഥാന മൃഗസംക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാന്‍ പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ നിലവിലെ അവസ്ഥ മാറിയാല്‍ ഉടന്‍ നിയമനിര്‍മാണത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

'രാജ്യത്ത് നിരവധി സംസ്ഥാനങ്ങളില്‍ ഗോഹത്യ നിരോധിച്ചിട്ടുണ്ട്. സമാനമായ രീതിയില്‍ കര്‍ണാടകയും ഉടന്‍ നിയമനിര്‍മാണം നടത്തും. ബീഫ് കഴിയ്ക്കുന്നത് ഉള്‍പ്പടെ സംസ്ഥാനത്ത് നിരോധിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള നിലവിലെ അവസ്ഥ മാറിയാല്‍ ബീഫ് നിരോധനത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കും. ആവശ്യം വന്നാല്‍ സമിതിയെ ഉത്തര്‍പ്രദേശ് ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തും 'പ്രഭു ചൗഹാന്‍ പറഞ്ഞു.

2018 ലെ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ബിജെപിയുടെ വാഗ്ദാനങ്ങളിലൊന്നാണ് ഗോഹത്യയും ബീഫ് നിരോധനവും. നേരത്തെ 2010ല്‍ ബിജെപി കര്‍ണാടകയില്‍ ആദ്യമായി അധികാരത്തില്‍ എത്തിയപ്പോള്‍ യദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇത്തരത്തില്‍ ബില്‍ പാസാക്കിയിരുന്നു. എന്നാല്‍, രാഷ്ട്രപതിയുടെ അനുമതി നേടുന്നതില്‍ പരാജയപ്പെട്ടു. പിന്നീട് 2013ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ഈ ബില്‍ പിന്‍വലിക്കുകയും ചെയ്തു. നിലവില്‍ ഗുജറാത്ത്, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ ഗോഹത്യ വിരുദ്ധ നിയമം ഇതിനകം നിലവിലുണ്ട്. കഴിഞ്ഞ മാസം യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഗോഹത്യ തടയുന്നതിനുള്ള കരട് ഓര്‍ഡിനന്‍സ് പാസാക്കിരുന്നു. പരമാവധി 10 വര്‍ഷം വരെ തടവും 5 ലക്ഷം വരെ പിഴയുമാണ് ശിക്ഷ.


Tags:    

Similar News