കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രവര്‍ത്തിച്ചത് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമെന്ന് മൂന്നാം പ്രതി

ബാങ്ക് സെക്രട്ടറിയും ഭരണസമിതി അംഗങ്ങളുമാണ് ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തിരുന്നത്. അവരുടെ നിര്‍ദേശം അനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിച്ചത്.

Update: 2022-07-30 04:53 GMT

തൃശൂര്‍: സെക്രട്ടറിയുടേയും ഭരണസമിതി അംഗങ്ങളുടേയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കരുവന്നൂര്‍ ബാങ്കിലെ മുന്‍ സീനിയര്‍ ഓഫീസറായിരുന്ന സി കെ ജില്‍സ്. ബാങ്കിന്റെ മേല്‍നോട്ടത്തിലുള്ള സൂപ്പര്‍മാര്‍ക്കറ്റിന്റെ ചുമതലയാണ് കഴിഞ്ഞ പത്ത് വര്‍ഷമായി ഉണ്ടായിരുന്നത്. ബാങ്കിലെ കാര്യങ്ങള്‍ അറിയില്ല, സെക്രട്ടറി പറയുന്നതിനനുസരിച്ചാണ് എല്ലാം ചെയ്തതെന്നും ജില്‍സ് പ്രതികരിച്ചു. കേസിലെ മൂന്നാം പ്രതിയാണ് ജില്‍സ്. 26നാണ് ജില്‍സ് ജാമ്യത്തിലിറങ്ങിയത്.

ബാങ്ക് സെക്രട്ടറിയും ഭരണസമിതി അംഗങ്ങളുമാണ് ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തിരുന്നത്. അവരുടെ നിര്‍ദേശം അനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നവരുമായി വ്യക്തിപരമായി ബന്ധമില്ല. ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നെങ്കിലും താനൊരു സജീവ പാര്‍ട്ടി പ്രവര്‍ത്തകനല്ല എന്നാണ് ജിൽസ് പറയുന്നത്. എന്നാൽ സജീവ പാർട്ടി പ്രവർത്തകരല്ലാത്തവരെ കമ്മിറ്റികളിൽ‍ ഉൾപ്പെടുത്തുന്ന കീഴ്വഴക്കം സിപിഎമ്മിന് ഇല്ലായെന്നതാണ് യാഥാർത്ഥ്യം.

ബാങ്കില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി തോന്നിയിരുന്നില്ല. താന്‍ ചുമതലയൊഴിയുന്നതുവരെ സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സുതാര്യമായിരുന്നു. സഹകരണ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരേ കേസെടുത്തിരിക്കുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് കണ്ടിട്ടില്ല. കേസില്‍പ്പെട്ടത് എങ്ങനെയാണെന്ന് അറിയില്ലെന്നും ജില്‍സ് പറഞ്ഞു.

കേരളത്തിന്റെ ചരിത്രത്തിലെ വലിയ സഹകരണത്തട്ടിപ്പാണ് കരുവന്നൂരിലേത്. ആറ് മുഖ്യപ്രതികള്‍ക്കു പുറമേ, 11 ഭരണസമിതിയംഗങ്ങളാണ് പ്രതികള്‍. പണാപഹരണത്തിനായി സംഘംചേരല്‍, പണംതട്ടല്‍, വ്യാജരേഖ ചമയ്ക്കല്‍, കംപ്യൂട്ടറില്‍ കൃത്രിമംവരുത്തല്‍, ആള്‍മാറാട്ടം, വഞ്ചന, കൃത്യവിലോപം, സര്‍ക്കാരിന് ധനനഷ്ടമുണ്ടാക്കല്‍, ഔദ്യോഗികപദവി ദുരുപയോഗം ചെയ്യല്‍, തട്ടിപ്പിന് കൂട്ടുനില്‍ക്കല്‍, കരാര്‍ലംഘനം, ഭീഷണി, സ്വത്ത് കൈവശപ്പെടുത്തല്‍, ആത്മഹത്യപ്രേരണ, ചികിൽസ നിഷേധിക്കുന്നതുകാരണമുള്ള മരണം എന്നിവയുള്‍പ്പെടെയാണ് 50 കുറ്റങ്ങള്‍. 

Similar News