തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ കിരീടം എന്ന ചിത്രത്തിലെ 'കീരിക്കാടന്‍ ജോസ്' എന്ന പ്രതിനായക കഥാപാത്രത്തിലൂടെ പ്രേക്ഷകമനസ്സില്‍ ഇടംനേടിയ നടന്‍ മോഹന്‍ രാജ് അന്തരിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികില്‍സയിലായിരുന്നു. ആയുര്‍വേദ ചികില്‍സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പ് തിരുവനന്തപുരത്തെത്തിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് അസി. ഓഫിസറായി മോഹന്‍ രാജ് കോഴിക്കോട് ജോലി ചെയ്യുന്നതിനിടെയാമ് കിരീടം പുറത്തിറങ്ങിയത്. ജോലിയില്‍ നിന്ന് വിരമിച്ചശേഷം കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം. ഭാര്യ: ഉഷ, മക്കള്‍: ജെയ്ഷ്മ, കാവ്യ.
1988ലെ 'മൂന്നാം മുറ'യിലൂടെ സിനിമാ ലോകത്തെത്തിയ മോഹന്‍ രാജ് കൂടുതലായും വില്ലന്‍ വേഷങ്ങളിലായിരുന്നു അഭിനയിച്ചത്. ഒമ്പത് തമിഴ് ചിത്രങ്ങളും 31 തെലുങ്ക് ചിത്രങ്ങളും ഉള്‍പ്പെടെ മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അര്‍ത്ഥം, വ്യൂഹം, രാജവാഴ്ച, മറുപുറം, പുറപ്പാട്, കാസര്‍കോട് കാദര്‍ഭായ്, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ചെങ്കോല്‍, ആറാം തമ്പുരാന്‍, വാഴുന്നോര്‍, പത്രം, നരസിംഹം, നരന്‍, മായാവി തുടങ്ങി 35ഓളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. 2015ല്‍ ചിറകൊടിഞ്ഞ കിനാക്കളില്‍ അഭിനയിച്ച ശേഷം 2022ല്‍ മമ്മൂട്ടിയുടെ റോഷാക്കിലും വേഷമിട്ടു. റോഷാക്കില്‍ ഗ്രേസ് ആന്റണിയുടെ പിതാവായ വിശ്വനാഥന്‍ എന്ന കഥാപാത്രമായിരുന്നു.