ഡല്‍ഹി സ്‌ഫോടനത്തിന് പിന്നില്‍ ഖലിസ്താന്‍ സിന്ദാബാദ് ഫോഴ്‌സെന്ന് പോലിസ്
ജമ്മുകശ്മീര്‍ സ്വദേശിയായ രഞ്ജിത് സിങ് നീതയെന്നയാളാണ് ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സിന്റെ സ്ഥാപകന്‍. ഇയാള്‍ ഇപ്പോള്‍ പാകിസ്താനിലാണെന്നാണ് സൂചന.
ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണിയിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപം നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഖലിസ്താന്‍ സിന്ദാബാദ് ഫോഴ്‌സ് ഏറ്റെടുത്തു. ടെലഗ്രാമിലെ ഒരു ഗ്രൂപ്പിലാണ് അവര്‍ ഉത്തരവാദിത്തം ഏറ്റെടുത്തെന്ന് പോലിസ് അറിയിച്ചു. ജസ്റ്റിസ് ലീഗ് എന്ന ടെലഗ്രാം ഗ്രൂപ്പിലാണ് സംഘടനയുടെ സന്ദേശം വന്നിരിക്കുന്നത്.
'' ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വാടകഗുണ്ടകളെ ഏര്‍പ്പാടാക്കി ഞങ്ങളുടെ അംഗങ്ങളെ ലക്ഷ്യമിടുകയാണ്. ഞങ്ങളെ നിശബ്ദരാക്കാമെന്ന് വിശ്വസിക്കുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണുള്ളത്. ഞങ്ങള്‍ അവരുടെ തൊട്ടടുത്തുണ്ട്. എപ്പോള്‍ വേണമങ്കിലും ആക്രമിക്കാന്‍ കഴിയും.''- പ്രസ്താവന പറയുന്നു. കാനഡയിലും അമേരിക്കയിലുമുള്ള സിഖ് വിമതര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് ഇതെന്നാണ് സൂചന.
സിഖ് വിമതരെ ഇന്ത്യന്‍ സര്‍ക്കാര്‍ അയക്കുന്ന ക്രിമിനലുകള്‍ ആക്രമിക്കുന്നതായി കാനഡയും അമേരിക്കയും നേരത്തെ ആരോപിച്ചിരുന്നു. സിഖ് വിമത നേതാവ് ഗുര്‍പത് സിങ് പന്നുവിനെ കൊല ചെയ്യാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ഇന്ത്യയുടെ റോ ഏജന്‍സിയുടെ ഉദ്യോഗസ്ഥനായിരുന്ന വികാസ് യാദവിന് പങ്കുണ്ടെന്ന് അമേരിക്ക കണ്ടെത്തിയിരുന്നു.
ജമ്മുകശ്മീര്‍ സ്വദേശിയായ രഞ്ജിത് സിങ് നീതയെന്നയാളാണ് ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സിന്റെ സ്ഥാപകന്‍. ഇയാള്‍ ഇപ്പോള്‍ പാകിസ്താനിലാണെന്നാണ് സൂചന. ജമ്മുവിലുള്ള സിഖ് മതവിശ്വാസികളാണ് സംഘടനയുടെ പ്രവര്‍ത്തകരില്‍ അധികവും. നേരത്തെ കേന്ദ്രസര്‍ക്കാര്‍ സംഘടനയെ യുഎപിഎ പ്രകാരം നിരോധിച്ചിരുന്നു. പഞ്ചാബ് കേന്ദ്രമാക്കി സ്വതന്ത്ര സിഖ് ഖലിസ്താന്‍ രാഷ്ട്രം രൂപീകരിക്കണം എന്നതാണ് സംഘടനയുടെ ലക്ഷ്യം.