കെഎന്‍എമ്മിന്റെ മുന്‍കൂട്ടിയുള്ള റമദാന്‍ പ്രഖ്യാപനം; എതിര്‍പ്പുമായി സമസ്ത
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടാക്കിയ സമവായ തീരുമാനത്തിന് വിരുദ്ധമായ നിലപാടാണ് കെഎന്‍എമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ആരോപിച്ചു
കോഴിക്കോട്: ഈ വര്‍ഷത്തെ റമദാന്‍ ഒന്ന് ഏപ്രില്‍ 24 വെള്ളിയാഴ്ച ആരംഭിക്കുമെന്ന കെഎന്‍എം വിഭാഗങ്ങളുടെ മുന്‍കൂട്ടിയുള്ള പ്രഖ്യാപനത്തിനെതിരേ സമസ്ത രംഗത്ത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടാക്കിയ സമവായ തീരുമാനത്തിന് വിരുദ്ധമായ നിലപാടാണ് കെഎന്‍എമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ആരോപിച്ചു. ഏപ്രില്‍ 22ന് സൂര്യന്‍ അസ്തമിക്കുന്നതിന് മുമ്പ് ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ നിലാവ് ദര്‍ശനം സാധ്യമല്ലെന്നും അതുകൊണ്ട് 23ന് ശഅബാന്‍ പൂര്‍ത്തിയാക്കി 24ന് റമദാന്‍ ഒന്നായിരിക്കുമെന്നുമാണ് കെഎന്‍എം വാര്‍ത്താകുറിപ്പില്‍ പറയുന്നത്. ചന്ദ്രമാസം 29ന് നിലാവ് ദര്‍ശിച്ചില്ലെങ്കില്‍ മാത്രമേ 30 പൂര്‍ത്തിയാക്കിയതായി കണക്കാക്കാനാവൂ എന്നാണ് പൊതുവില്‍ ഇരു വിഭാഗങ്ങളും സ്വീകരിച്ചിരുന്ന നയം.
ഈ പ്രവാചക ചര്യയെ കെഎന്‍എം മറികടന്ന് കണക്കിനെ അവലംബമാക്കിയെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ഇത് ഇന്ത്യയിലെ പ്രത്യേക സാഹചര്യത്തില്‍ ഐക്യത്തിന് തിരിച്ചടിയാണെന്ന് ഹമീദ് ഫൈസിയുടേതായി പ്രചരിക്കുന്ന പോസ്റ്റില്‍ പറയുന്നു. സമസ്ത സുന്നി പക്ഷത്തിന് 23നു മാത്രമേ ശഅബാന്‍ ആവുകയുള്ളു. അന്ന് മാസപ്പിറവി ദര്‍ശനം ഉണ്ടായില്ലെങ്കില്‍ 25ന് ശനിയാഴ്ച മാത്രമേ അവര്‍ക്ക് റമദാന്‍ ഒന്നാകൂ. 23ന് സൂര്യാസ്തമന ശേഷം 18 മിനിറ്റ് മാത്രമാണ് ചന്ദ്രന്‍ ചക്രവാളത്തിലുണ്ടാവുക. ഇത്രചെറിയ സമയത്തിനുള്ളില്‍ നിലാവ് കാണാന്‍ സാധ്യതയില്ലെന്ന് ഗോളശാസ്ത്ര വിദഗ്ധര്‍ പറയുന്നു. ഇരു വിഭാഗങ്ങളും ശഅബാന്‍ മാസം രണ്ട് ദിവസങ്ങളിലായാണ് ആരംഭിച്ചത്. ഇതും പ്രശ്‌നം സങ്കീര്‍ണമാക്കി. ഗോളശാസ്ത്ര കണക്കനുസരിച്ച് മാസം നിര്‍ണയിക്കുന്ന അലി മണിക്ഫാന്‍ നേതൃത്വം നല്‍കുന്ന ഹിജ്‌റ കമ്മിറ്റി 24നു റമദാന്‍ ഒന്നായി നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ ഗണനയെ മറ്റു സംഘടനകള്‍ അംഗീകരിക്കാറില്ല. കെഎന്‍എമ്മിന്റെ മുന്‍കൂട്ടിയുള്ള പ്രഖ്യാപനം ഇവര്‍ പ്രചാരണായുധമാക്കിയിട്ടുമുണ്ട്.
എന്നാല്‍ പ്രഖ്യാപനം മുസ് ലിം ഐക്യത്തിന് തുരങ്കമാവില്ലെന്ന് കെഎന്‍എം സെക്രട്ടറി എം മുഹമ്മദ് മദനി തേജസിനോട് പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് മാത്രമായാണ് സര്‍ക്കുലര്‍ ഉദ്യേശിച്ചിരുന്നത്. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത കൊടുക്കേണ്ട നിര്‍ബന്ധ സാഹചര്യമുണ്ടായതാണ്. ഹമീദ് ഫൈസിയുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന് കാര്യങ്ങള്‍ വ്യക്തമാക്കി കൊടുത്തിട്ടുണ്ടെന്നും മുഹമ്മദ് മദനി പറഞ്ഞു. മര്‍ക്കസു ദ്ദഅവ വിഭാഗവും മുന്‍കൂട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. കാഴ്ചയാണോ കണക്കാണോ സലഫികള്‍ അവലംബിക്കുന്നത് എന്നതിന് വ്യക്തമായ ഉത്തരമില്ലാത്തതാണ് അണികളുടെ പ്രതിസന്ധി. 2017ല്‍ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഖാസിയായ കാസര്‍കോഡ് ജില്ലയിലെ ഒരു മഹല്ലില്‍ നേരത്തേ പെരുന്നാള്‍ പ്രഖ്യാപിച്ചിരുന്നു.