ബിജെപിയുടെ കള്ളപ്പണം കവര്‍ന്ന കേസ്: പാര്‍ട്ടി സംസ്ഥാന നേതാക്കളെ നാളെ ചോദ്യം ചെയ്യും

ബിജെപിയുടെ സംഘടന ജനറല്‍ സെക്രട്ടറി എന്‍ ഗണേശിനെയും സംസ്ഥാന ഓഫിസ് സെക്രട്ടറി ഗീരിഷിനെയും നാളെ ചോദ്യം ചെയ്യും. ബിജെപി മേഖലാ സെക്രട്ടറിയും ആര്‍എസ്എസ് നേതാവുമായ കാശിനാഥന്‍, തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരി, ട്രഷറര്‍ സുജയ് സേനന്‍ എന്നിവരെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്തിരുന്നു.

Update: 2021-05-22 13:17 GMT

തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായെത്തിച്ച ബിജെപിയുടെ കുഴല്‍പ്പണം കവര്‍ന്ന കേസിലെ അന്വേഷണം ബിജെപിയുടെ ഉന്നത സംസ്ഥാന നേതാക്കളിലേക്ക് നീങ്ങുന്നു. ബിജെപിയുടെ സംഘടന ജനറല്‍ സെക്രട്ടറി എന്‍ ഗണേശിനെയും സംസ്ഥാന ഓഫിസ് സെക്രട്ടറി ഗീരിഷിനെയും നാളെ ചോദ്യം ചെയ്യും. ബിജെപി മേഖലാ സെക്രട്ടറിയും ആര്‍എസ്എസ് നേതാവുമായ കാശിനാഥന്‍, തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരി, ട്രഷറര്‍ സുജയ് സേനന്‍ എന്നിവരെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്തിരുന്നു. പണം വന്ന വിവരം അറിയില്ലെന്നും കവര്‍ച്ചാ കേസിലെ പ്രതികളെ അറിയില്ലെന്നുമാണ് ബിജെപി ജില്ലാ നേതാക്കള്‍ മൊഴി നല്‍കിയത്.

പണം തൃശൂര്‍ വഴി കൊണ്ടുപോവുന്ന കാര്യം പോലും അറിയില്ലായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. ബിജെപി കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ കാറില്‍ മൂന്നരക്കോടി രൂപയാണുണ്ടായിരുന്നതെഎന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് പോലിസ് അന്വേഷണം ബിജെപി ഉന്നത നേതാക്കളിലേക്ക് വ്യാപിപ്പിച്ചത്. മൂന്നര കോടി രൂപ എവിടെനിന്ന് ആര്‍ക്ക് കൊണ്ടുപോവുകയാണെന്ന് അറിയുന്നതിനാണ് ചോദ്യം ചെയ്യുന്നത്. വരും ദിവസങ്ങളലില്‍ കൂടുതല്‍ സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശ്, സംസ്ഥാന ഓഫിസ് സെക്രട്ടറി ഗീരീഷ് എന്നിവരോട് നാളെ ചോദ്യം ചെയ്യലിന് തൃശൂരില്‍ ഹജരാവാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാറില്‍ കൊണ്ടുവന്ന മൂന്നരകോടി അനധികൃത പണമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ പണം കൊണ്ടുവന്നത് ആര്‍ക്കാണെന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം. മൂന്ന് ജില്ലാ നേതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതാക്കളിലേക്കുകൂടി അന്വേഷണം നീണ്ടിരിക്കുന്നത്.

കാറിലുണ്ടായിരുന്നത് മൂന്നരക്കോടി തന്നെയെന്ന് യുവമോര്‍ച്ച നേതാവ് സുനില്‍ നായിക്കും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മരാജനും നേരത്തെ വെളിപ്പെടുത്തിയിരുന്നു. വാഹനാപകടമുണ്ടാക്കി കാറില്‍നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മരാജിന്റെ ഡ്രൈവര്‍ ഷംജീര്‍ നല്‍കിയ പരാതി. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്കെത്തിച്ച കോടികളാണ് കൊടകരയില്‍നിന്ന് തട്ടിയെടുത്തതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍, നേതൃത്വം ഇക്കാര്യം നിഷേധിക്കുകയാണ്.

Tags:    

Similar News