തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി നേതാക്കള്‍ സംസ്ഥാനത്തേക്ക് കൊണ്ടുവന്ന കോടിക്കണക്കിന് രൂപയുടെ ഹവാലാ പണം തൃശൂര്‍ കൊടകരയില്‍ വച്ച് തട്ടിയെടുത്തെന്ന കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. ചില വ്യാജ പ്രതികളെ സൃഷ്ടിച്ച് അറസ്റ്റ് നാടകമാടിയ പോലിസ് തെളിവുകള്‍ ബിജെപി നേതാക്കളിലേക്ക് എത്തിയതോടെ അന്വേഷണം ഒച്ചിഴയുന്ന വേഗത്തിലായിരിക്കുന്നു. സംഭവത്തില്‍ കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ദേശീയ നേതാക്കളെയും സംസ്ഥാന പ്രസിഡന്റിനെയും പ്രതിചേര്‍ത്ത് അന്വേഷണം ഊര്‍ജിതമാക്കണം.
തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് കോടികളാണ് കേരളത്തിലേക്ക് ഒഴുകിയത്. ഇതുവരെ കണ്ടെത്തിയിരിക്കുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. സമഗ്രവും നീതിപൂര്‍വവുമായ അന്വേഷണത്തിലൂടെ മാത്രമേ പണമൊഴുക്കിന്റെ യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയൂ. പണം തട്ടിയെടുത്തതറിഞ്ഞ് ആദ്യം കൊടകരയിലെത്തിയത് ബിജെപി തൃശൂര്‍ ജില്ലാ ട്രഷറര്‍ സുജയ് സേനന്‍ ആണെന്ന വിവരം പുറത്തുവന്നിരുന്നു. സംഭവത്തില്‍ ബിജെപിയുടെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്ന സൂചനയെത്തുടര്‍ന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ അന്വേഷണം സംഘം ചോദ്യം ചെയ്‌തെങ്കിലും കേസന്വേഷണത്തില്‍ കാണിക്കുന്ന മെല്ലെപ്പോക്ക് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണ്.
ബിജെപിക്കുവേണ്ടി കോടിക്കണക്കിനു രൂപയുടെ ഹവാലാ പണം സംസ്ഥാനത്തേക്ക് ഒഴുകിയിട്ടുണ്ടെന്ന് പരാതി ഉയര്‍ന്നെങ്കിലും വ്യാജ പ്രതികളെ സൃഷ്ടിച്ചും തുക കുറച്ചുകാണിച്ചും കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് തുടക്കം മുതല്‍ നടന്നത്. ഇല്ലാത്ത ആരോപണങ്ങളുന്നയിച്ച് ബിജെപി വിരുദ്ധരെ വേട്ടയാടാന്‍ മദയാനകളെ പോലെ ഓടിനടക്കുന്ന ഇഡി നേരിട്ട് പരാതി ലഭിച്ചിട്ടും കാര്യക്ഷമമായ അന്വേഷണം നടത്താത്തത് ദുരൂഹമാണ്. ഗുരുതരമായ സാമ്പത്തിക ക്രമക്കേട് കേസില്‍ അന്വേഷണം ബോധപൂര്‍വം താമസിപ്പിച്ച് തെളിവുകള്‍ നശിപ്പിക്കാനും ഉന്നത ബിജെപി നേതാക്കളെ രക്ഷിക്കാനുമുള്ള ശ്രമമാണ് കേരളാ പോലിസ് നടത്തുന്നത്. കോടികളുടെ ഹവാലാ പണം കേരളത്തിലെത്തിച്ച സംഭവത്തില്‍ ബിജെപി ഉന്നത നേതാക്കളെ ചോദ്യം ചെയ്യണമെന്നും നിഷ്പക്ഷവും കാര്യക്ഷമവുമായ അന്വേഷണം നടത്തണമെന്നും റോയ് അറയ്ക്കല്‍ ആവശ്യപ്പെട്ടു.