കൊടുങ്ങല്ലൂര്‍ കള്ളനോട്ടടി കേസ്: യുവമോര്‍ച്ച മുന്‍ നേതാവും സഹോദരനും വീണ്ടും അറസ്റ്റില്‍

Update: 2021-07-29 16:07 GMT

കൊടുങ്ങല്ലൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകനില്‍ നിന്ന് കള്ളനോട്ട് പിടികൂടിയ കേസുമായി ബന്ധപ്പെട്ട കേസില്‍ യുവമോര്‍ച്ച മുന്‍ നേതാവിനെയും സഹോദരനെയും ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം പനങ്ങാട് അഞ്ചാം പരുത്തി സ്വദേശികളായ എരാശേരി വീട്ടില്‍ രാകേഷ്(37), സഹോദരന്‍ രാജീവ്(35) എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലിഷ് എന്‍ ശങ്കരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കേസില്‍ നേരത്തേ സജീവ ബിജെപി പ്രവര്‍ത്തകനായ മേത്തല വടശ്ശേരി കോളനിയിലെ കോന്നംപറമ്പില്‍ ജിത്തുവിനെ അറസ്റ്റ് ചെയ്തിരുന്നു. ജിത്തുവിന്റെ കൈയില്‍ നിന്ന് 1,78,500 രൂപയുടെ കള്ളനോട്ട് കണ്ടെത്തിയ കേസ് അനേഷിക്കുന്നതിനിടെയാണ് ബംഗളൂരുവിലേക്ക് അന്വേഷണം നീണ്ടത്.

    2017ലും ഇവരുടെ വീട്ടില്‍ നിന്നു കള്ളനോട്ടുകളും നോട്ടടി യന്ത്രങ്ങളുമായി ഇവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ബംഗളൂരുവിലേക്ക് താവളം മാറ്റി. 2019ല്‍ കാഞ്ഞാണിയില്‍ വച്ച് 52 ലക്ഷത്തിന്റെ കള്ളനോട്ടുമായി രാകേഷിനെ പോലിസ് പിടികൂടിയിരുന്നു. ബിജെപിയുടെ ശ്രീനാരായണപുരം ബൂത്ത് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് കമ്മിറ്റി അംഗവുമായിരുന്നു രാകേഷ്. പിന്നീട് മലപ്പുറം ജില്ലയിലെ എടവണ്ണ, കൊടുവള്ളി എന്നിവിടങ്ങളില്‍ കള്ളനോട്ട് കേസില്‍പ്പെട്ട് ഒളിവില്‍ പോയി.

    ഇതിനിടെയാണ് ദിവസങ്ങള്‍ക്കു മുമ്പ് ബിജെപി പ്രവര്‍ത്തകനായ ജിത്തു ഇവരില്‍ നിന്ന് വാങ്ങിയ കള്ളനോട്ടുമായി ബൈക്കില്‍ വരുന്നതിനിടെ അപകടത്തില്‍പെട്ടത്. ചികില്‍സയില്‍ കഴിയുകയായിരുന്ന ജിത്തുവിനു വേണ്ടി ആശുപത്രിയില്‍ നല്‍കിയ തുകയില്‍ കള്ളനോട്ട് കണ്ടെടുത്തതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. ബിജെപിയുടെ ഉന്നത നേതാക്കളുമായി മൂവരും കള്ളനോട്ട് കേസില്‍ നേരത്തെയും അറസ്റ്റിലായിരുന്നു. തൃശ്ശൂര്‍ ജില്ലാ പോലിസ് സൂപ്രണ്ട് ജി പൂങ്കുഴലിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഡിവൈഎസ്പി സലീഷ് എന്‍ ശങ്കരന് പുറമെ എസ്എച്ച്ഒമാരായ ടി കെ ഷൈജു, ബ്രിജുകുമാര്‍, എസ്‌ഐമാരായ സന്തോഷ്, പി സി സുനില്‍, എഎസ്‌ഐമാരായ സി ആര്‍ പ്രദീപ്, കെ എ മുഹമ്മദ് അഷ്‌റഫ്, സുനില്‍, എസ് സിപിഒമാരായ ഗോപന്‍, ശ്രീകുമാര്‍, മുരുകദാസ്, സി കെ ബിജു, പി എസ് ഫൈസല്‍, സൈബര്‍ വിഭാഗത്തില്‍ നിന്നുള്ള രജീഷ്, സനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Kodungallur counterfeiting case: Yuva Morcha Former leader and brother arrested

Tags:    

Similar News