ആറുവയസുകാരിയെ രണ്ടാനമ്മ കൊന്നത് മന്ത്രവാദത്തിന്റെ ഭാഗമായോ ? പോലിസ് അന്വേഷണം തുടരുന്നു
കോതമംഗലം: നെല്ലിക്കുഴിയില്‍ ആറു വയസുകാരിയെ രണ്ടാനമ്മ കൊന്ന കേസില്‍ മന്ത്രവാദത്തിന്റെ പങ്ക് അന്വേഷിച്ച് പോലിസ്. മന്ത്രവാദ സാധ്യതയെ കുറിച്ച് സംശയം നിലനില്‍ക്കുന്നുണ്ടെന്നും നിലവില്‍ കേസില്‍ ഒരു പ്രതി മാത്രമാണുള്ളതെന്നും പോലിസ് പറഞ്ഞു. നെല്ലിക്കുഴിയില്‍ പത്ത് വര്‍ഷമായി താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി അജാസ് ഖാന്റെ ആറു വയസുകാരിയായ മകള്‍ മുസ്‌കാനെ വ്യാഴാഴ്ച രാവിലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അജാസ് ഖാന്റെ രണ്ടാം ഭാര്യ അനിഷയാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നതെന്നാണ് പോലിസ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്തു. അജാസ് ഖാന് ആദ്യ ഭാര്യയിലുള്ള കുട്ടിയാണ് കൊല്ലപ്പെട്ട മുസ്‌കാന്‍.
അനിഷക്കും ആദ്യ വിവാഹത്തില്‍ ഒരു കുട്ടിയുണ്ട്. അടുത്തിടെ അജാസ് ഖാനില്‍ നിന്ന് വീണ്ടും ഗര്‍ഭിണിയായി. ഒരു കുട്ടി കൂടി വരുമ്പോള്‍ മുന്നോട്ടുള്ള ജീവിതത്തിന് മുസ്‌കാന്‍ തടസമാകുമോ എന്ന ചിന്തയിലാണ് കുഞ്ഞിനെ കൊന്നതെന്നാണ് അനീഷ ആദ്യം പോലിസിനോട് പറഞ്ഞത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ദുര്‍മന്ത്രവാദത്തിലേക്ക് വിരല്‍ചൂണ്ടുന്ന വിവരങ്ങള്‍ പോലിസിനു ലഭിച്ചത്. ഭാര്യയ്ക്ക് എന്തൊക്കെയോ ബാധയുണ്ടെന്നാണ് അജാസ് പോലിസിനോട് പറഞ്ഞത്. രാത്രി തന്റെ കൂടെ ഭക്ഷണം കഴിച്ച് കുട്ടികള്‍ ഉറങ്ങാന്‍ കിടന്നതാണ്. താനും ഭാര്യയും മറ്റൊരു മുറിയിലാണ് കിടന്നിരുന്നതെന്നും രാത്രി പത്തരയോടെ ജോലി സ്ഥലത്തേക്ക് പോയെന്നുമാണ് അജാസ് പറഞ്ഞത്. ഭാര്യയ്ക്ക് ബാധയുണ്ട്, അതുകൊണ്ട് പലരീതിയില്‍ അവള്‍ പ്രതികരിക്കുമെന്നും അജാസ് പറഞ്ഞു. ഇതാണ് പോലിസിന് സംശയത്തിന് കാരണമായിരിക്കുന്നത്.