കോഴിക്കോട് മെഡിക്കൽ കോളജ് ആക്രമണം; അം​ഗീകരിക്കാനാകില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി; വൈകീട്ട് മാധ്യമങ്ങളെ കാണും

അതേസമയം മെഡിക്കൽ കോളജിലെ സുരക്ഷ ജീവനക്കാരെ മർദ്ദിച്ച കേസിൽ ആറ് ഡിവൈഎഫ്ഐ പ്രവർത്തകരെ കൂടി പോലിസ് കേസിൽ പ്രതിചേർത്തു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അശ്വിൻ, സജിൽ മഠത്തിൽ, രാജേഷ്, നിഖിൽ, ഷബീർ, ജിതിൻ രാജ് എന്നിവരെയാണ് പ്രതി ചേർത്തത്.

Update: 2022-09-03 08:33 GMT

കോഴിക്കോട്: മെഡിക്കൽ കോളജിലെ സുരക്ഷ ജീവനക്കാരെ മർദിച്ച സംഭവത്തിൽ ആക്രമണത്തിന് നേതൃത്വം നൽകിയ ജില്ലാ ജോയിന്റ് സെക്രട്ടറി കെ അരുണടക്കമുള്ളവരെ തള്ളി ജില്ലാ സെക്രട്ടറി ഷൈജു പി സി. ഡിവൈഎഫ്ഐ എന്ന നിലയിൽ ഇത്തരം ആക്രമണങ്ങളെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും വിഷയത്തിൽ വൈകീട്ട് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം തേജസ് ന്യൂസിനോട് പ്രതികരിച്ചു.

അതേസമയം മെഡിക്കൽ കോളജിലെ സുരക്ഷ ജീവനക്കാരെ മർദ്ദിച്ച കേസിൽ ആറ് ഡിവൈഎഫ്ഐ പ്രവർത്തകരെ കൂടി പോലിസ് കേസിൽ പ്രതിചേർത്തു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അശ്വിൻ, സജിൽ മഠത്തിൽ, രാജേഷ്, നിഖിൽ, ഷബീർ, ജിതിൻ രാജ് എന്നിവരെയാണ് പ്രതി ചേർത്തത്. ഡിവൈഎഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ അരുണിനെ നേരത്തെ പ്രതി ചേർത്തിരുന്നു. ഏഴ് ഡിവൈഎഫ്ഐ പ്രവർത്തകരെയാണ് കേസിൽ ഇതുവരെ പ്രതിചേർത്തത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറി കെ അരുണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം രാവിലെ അക്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. എന്നാല്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടി വൈകുന്നതില്‍ പ്രതിഷേധം കടുത്തതോടെ മെഡിക്കല്‍ കോളജ് പോലിസ് അരുണിനെ പ്രതി ചേര്‍ത്തത്.

അരുണുള്‍പ്പെടെ പതിനാറ് പേര്‍ക്കെതിരെയായിരുന്നു കേസ്. ആശുപത്രി സുരക്ഷാ നിയമം, അന്യായമായി സംഘം ചേരല്‍, മര്‍ദ്ദനം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിയിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളജ് ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു. അക്രമത്തിന്‍റെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകനായ പി ഷംസുദ്ദീനെ മര്‍ദിച്ചതിനും പോലിസ് കേസെടുത്തിട്ടുണ്ട്. അതേസമയം സുരക്ഷാ ജീവനക്കാര്‍ അപമര്യാദയമായി പെരുമാറിയെന്ന യുവതിയുടെ പരാതിയില്‍ മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കെതിരേയും പോലിസ് കേസെടുത്തിട്ടുണ്ട്.

Similar News