കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് ഒന്നര വയസ്സുകാരന്
കല്ലമ്പാറ കഷായപ്പടിയിലെ ഒന്നരവയസുകാരനാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്.
കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയിലെ മായനാട് കോട്ടാംപറമ്പ് പ്രദേശത്തിനു പിന്നാലെ ഫറോക്ക് നഗരസഭയിലെ കല്ലമ്പാറയിലും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കല്ലമ്പാറ കഷായപ്പടിയിലെ ഒന്നരവയസുകാരനാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. കഠിനമായ വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നുദിവസം മുന്‍പായിരുന്നു ഇത്. രോഗശമനം ഉണ്ടാകാത്തതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗബാധയുണ്ടായ സാഹചര്യത്തില്‍ താലൂക്ക് ആശുപത്രി ആരോഗ്യവിഭാഗം പ്രദേശത്തെ വീടുകളില്‍ സൂപ്പര്‍ക്ലോറിനേഷന്‍ നടത്തി. രോഗബാധയുണ്ടായ വീട്ടിലേതുള്‍പ്പെടെ നാലു കിണറുകളിലെ ജലസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ബോധവത്കരണവും ജാഗ്രതയും തുടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.