സമയം കഴിഞ്ഞിട്ടും പ്രസംഗം നിര്‍ത്താതെ കെ ടി ജലീല്‍; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

Update: 2025-03-24 13:44 GMT
സമയം കഴിഞ്ഞിട്ടും പ്രസംഗം നിര്‍ത്താതെ കെ ടി ജലീല്‍; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

തിരുവനന്തപുരം: തവനൂര്‍ എംഎല്‍എ കെ ടി ജലീലിനെ രൂക്ഷമായി വിമര്‍ശിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. നിയമസഭയില്‍ പ്രസംഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും ജലീല്‍ അതിന് തയ്യാറാകാതിരുന്നതാണ് സ്പീക്കറെ പ്രകോപിപ്പിച്ചത്. ചെയറിനെ ജലീല്‍ മാനിക്കുന്നില്ലെന്നും സമയം കഴിഞ്ഞിട്ടും പ്രസംഗം നിര്‍ത്താത്തത് ധിക്കാരമാണെന്നും സ്പീക്കര്‍ പറഞ്ഞു. ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും ജലീല്‍ സഹകരിച്ചില്ല. സഭയില്‍ ജലീലിന് പ്രത്യേക പ്രിവിലേജൊന്നുമില്ലെന്നും സ്പീക്കര്‍ പറഞ്ഞു. സ്വകാര്യ സര്‍വകലാശാല ബില്ലിന്റെ ചര്‍ച്ചയ്ക്കിടയിലാണ് ബഹളമുണ്ടായത്. 

സ്വയംഭരണ സർവകലാശാലകളെ കുറിച്ചും സർവകലാശാല നിയമം ഭേദഗതി ചെയ്യുന്നതിനെ കുറിച്ചുമായിരുന്നു കെ.ടി.ജലീൽ പ്രസംഗിച്ചത്. അനുവദിച്ച സമയം കടന്നുപോയതോടെ സ്പീക്കർ എ.എൻ.ഷംസീർ പ്രസംഗം നിർത്താൻ നിരവധി തവണ ആവശ്യപ്പെട്ടു. ''ജലീൽ പ്രസംഗം ചുരുക്കണം. ഇത് ശരിയല്ല. ചെയറിന്റെ അഭ്യർഥന മാനിക്കണം. ജലീൽ ഇരിക്കണം. ചെയറിനോട് ഒന്ന് സഹകരിക്കണം.'' – അഭ്യർഥന വകവയ്ക്കാതെ ജലീൽ പ്രസംഗം തുടർന്നതോടെ സ്പീക്കർ മൈക്ക് ഓഫ് ചെയ്തു. തുടർന്ന് സിപിഐ അംഗം ഇ കെ വിജയന് സംസാരിക്കാൻ അവസരം നൽകി.

എന്നാൽ ഇ കെ.വിജയൻ സംസാരിക്കാൻ എഴുന്നേറ്റിട്ടും ജലീൽ പ്രസംഗം തുടർന്നതോടെയാണ് സ്പീക്കർ ക്ഷുഭിതനായത്. ''ചെയർ ഒരുപാട് തവണ സഹകരിച്ചു. പ്രതിപക്ഷം പോലും കൃത്യസമയത്ത് അവസാനിപ്പിച്ചു. അങ്ങയാണ് ചെയറിനോട് മര്യാദ കാണിക്കാത്തത്. ഒരുപാട് തവണ അഭ്യർഥിച്ചു. ചെയറിനോട് കാണിക്കേണ്ട ജെന്റിൽനസ് ജലീൽ കാണിച്ചിട്ടില്ല. കെ.ടി.ജലീലിന് പ്രത്യേക പരിഗണന ഒന്നും സഭയ്ക്കകത്തില്ല.'' – സ്പീക്കർ നയം വ്യക്തമാക്കി. ഇതോടെ ജലീൽ സീറ്റിലേക്ക് ഇരിക്കുകയായിരുന്നു.

Similar News