കുമ്പള ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ്; ബിജെപി വിജയം തടയാന്‍ യുഡിഎഫിന് പിന്തുണയുമായി എസ്ഡിപിഐ

Update: 2022-03-23 05:05 GMT

കാസര്‍ഗോഡ്: കുമ്പള ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ നിര്‍ണായക നീക്കവുമായി എസ്ഡിപിഐ രംഗത്ത്. ആരോഗ്യവിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം തടയാന്‍ യുഡിഎഫിനെ പിന്തുണക്കുമെന്ന് എസ്ഡിപിഐ വ്യക്തമാക്കി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ നിലവില്‍ എസ്ഡിപിഐ അംഗമുള്‍പ്പടെ അഞ്ച് അംഗങ്ങളാണുള്ളത്.

യുഡിഎഫ് 2, ബിജെപി 2, എസ്ഡിപിഐ 1 എന്നിങ്ങനെയാണ് കക്ഷിനില. എസ്ഡിപിഐ അംഗമായ ഒന്നാം വാര്‍ഡ് മെംബര്‍ അന്‍വര്‍ ആരിക്കാടി തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നിന്നാല്‍ തിരെഞ്ഞെടുപ്പ് സ്വാഭാവികമായും നറുക്കെടുപ്പിലേക്കു നീങ്ങുകയും ഇതിലൂടെ ബിജെപി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് വരാനും സാധ്യതയുണ്ട്. ഇതിനെ തടയിടാനും ബിജെപി വിജയത്തെ പ്രതിരോധിക്കാനും എസ്ഡിപിഐ പിന്തുണ നിര്‍ണായകമായ സാഹചര്യത്തിലാണ് എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി നിലപാട് വ്യക്തമാക്കിയത്. ബിജെപിയുടെ പരാജയം ഉറപ്പ് വരുത്തുന്നതിലൂടെ സംഘപരിവാര്‍ ഫാഷിസ്റ്റു ശക്തികള്‍ക്കെതിരെയുള്ള എസ്ഡിപിഐയുടെ പ്രഖ്യാപിത നിലപാട് കൂടിയാണ് നടപ്പിലാകുന്നത്. നേരത്തെ ബിജെപി പിന്തുണയോടെ വിജയിച്ച സിപിഎം അംഗം കൊഗ്ഗുവിന് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാജി വെക്കേണ്ടി വന്നിരുന്നു. ഇതോടെ സംസ്ഥാനതലത്തില്‍ തന്നെ കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് ചര്‍ച്ചയായിട്ടുണ്ട്.

Tags:    

Similar News