തൃശൂര്‍: ദേശീയ പാതാവികസനത്തിന്റെ ഭാഗമായി കുതിരാന്‍ തുരങ്കത്തിനു സമീപം പാറപൊട്ടിക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണ സ്‌ഫോടനം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്‌ഫോടനം തീരുന്നതു വരെയുള്ള സമയത്ത് വഴുക്കുംപാറ മുതല്‍ തുരങ്കത്തിന്റെ എതിര്‍വശം വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. സ്‌ഫോടനം നടത്തുന്ന വേളയില്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും മുന്നറിയിപ്പ് സംവിധാനങ്ങളും ഒരുക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്‌ഫോടനത്തിനായി സ്ഥലം തയ്യാറാക്കുന്നതിന് മുന്നോടിയായി പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പെന്നോണം ആദ്യ അലാറം മുഴക്കും. സ്‌ഫോടനത്തിന് തൊട്ടുമുമ്പ് രണ്ടാമത്തെ അലാറവും സ്‌ഫോടനത്തിനു ശേഷം മൂന്നാമത്തെ അലാറവും മുഴക്കാനും യോഗത്തില്‍ തീരുമാനമായതായി ജില്ലാ കലക്ടര്‍ അറിയിച്ചു.