ലോസ് എയ്ഞ്ചലസിലെ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി; നഷ്ടം 150 ബില്യണ്‍ ഡോളര്‍ (വീഡിയോ)
ലോസ് എയ്ഞ്ചലസ്: യുഎസിലെ ലോസ് എയ്ഞ്ചലസില്‍ തുടര്‍ച്ചയായ ആറാം ദിവസവും കാട്ടുതീ പടരുന്നു. ഇതുവരെ 24 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. കാറ്റിന്റെ വേഗം കൂടാന്‍ സാധ്യതയുണ്ടെന്നും തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാമെന്നും കാലിഫോണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസം പറഞ്ഞു. ഇതുവരെ 12,300 കെട്ടിടങ്ങളാണ് നശിച്ചിരിക്കുന്നത്. പ്രദേശത്തെ ജലസംഭരണികള്‍ വറ്റിയതോടെ ശാന്തസമുദ്രത്തില്‍ നിന്ന് വെള്ളം കൊണ്ടുവന്നാണ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നത്. വെറും പതിനൊന്ന് ശതമാനം പ്രദേശത്തെ തീ അണയ്ക്കാന്‍ മാത്രമേ ഇതുവരെ സാധിച്ചിട്ടുള്ളൂ.
നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് 23,713 ഏക്കര്‍ ഭൂമിയിലാണ് തീപിടിത്തമുണ്ടായത്. മലകളില്‍ 14,117 ഏക്കര്‍ ഭൂമിയിലും തീപിടിത്തമുണ്ടായിട്ടുണ്ട്. നഗരത്തിന്റെ തെക്കന്‍ഭാഗത്തും തീപിടിത്തമുണ്ട്.
ഏപ്രില്‍ മുതല്‍ പ്രദേശത്ത് മഴ ലഭിച്ചിട്ടില്ലെന്നും മഴ പ്രതീക്ഷിക്കുന്നില്ലെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. മരുഭൂമിയില്‍ നിന്നുള്ള സാന്റ അന ഉഷ്ണക്കാറ്റിന്റെ വേഗം കൂടാന്‍ സാധ്യതയുണ്ടെന്നും ഇത് തീപിടിത്തത്തിന്റെ വ്യാപ്തി കൂട്ടുമെന്നുമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ആശങ്ക.
ഈ കാറ്റിന്റെ വേഗം മണിക്കൂറില്‍ 80 മുതല്‍ 112 കിലോമീറ്റര്‍ വരെയാവാമെന്നാണ് പ്രവചനം. പുക പരക്കുന്നതിനാല്‍ ലക്ഷക്കണക്കിന് പേരെ ഒഴിപ്പിക്കേണ്ടിയും വരും. ഞായറാഴ്ച്ചയോടെ ലോസ്എയ്ഞ്ചലസ് കൗണ്ടിയില്‍ നിന്നും ഒരു ലക്ഷത്തില്‍ അധികം പേരെ ഒഴിപ്പിച്ചു. 150 ബില്യണ്‍ ഡോളറിന്റെ (1,29,17,43,77,70,000 രൂപ) നഷ്ടമുണ്ടായെന്നും വിലയിരുത്തിയിട്ടുണ്ട്.