കര്‍ഷക കൂട്ടക്കൊല: ലെഖിംപൂരില്‍ വീണ്ടും ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; കര്‍ഷക പ്രതിഷേധം ശക്തമാകുന്നു

Update: 2021-10-08 18:58 GMT

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ വീണ്ടും ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചു. കര്‍ഷകരെ വാഹനമിടിച്ച് കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയെ ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്റര്‍നെറ്റ് നിയന്ത്രണമേര്‍പ്പെടുത്തിയത്.

ആശിഷിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കര്‍ഷക പ്രതിഷേധം തുടരുകയാണ്. എഫ്‌ഐആറിലടക്കം ആശിഷ് മിശ്രയുടെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ നടപടി വൈകിപ്പിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 18ന് രാജ്യവ്യാപക റെയില്‍ ഉപരോധത്തിന് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിട്ടുണ്ട്.

അതിനിടെ കേസില്‍ യുപി സര്‍ക്കാരിന്റെ ഉദാസീന നിലപാടിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കേസിലെ പ്രധാനപ്രതിയായ ആശിഷ് കുമാര്‍ മിശ്രയ്ക്ക് ചോദ്യം ചെയ്യലിന് നോട്ടിസ് നല്കിയെന്ന് യുപി സര്‍ക്കാരിനു വേണ്ടി ഹരീഷ് സാല്‍വെ അറിയിച്ചെങ്കിലും ക്രൂരമായ കൊലപാതകത്തില്‍ ആശിഷ് മിശ്രയ്ക്ക് മാത്രം എന്തിനാണ് ഇളവ് നല്‍കുന്നതെന്ന് കോടതി ചോദിച്ചു.

Tags:    

Similar News