കത് വ കൂട്ടബലാല്‍സംഗക്കൊല: പ്രതികളെ പിന്തുണച്ച മുന്‍ ബിജെപി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു

Update: 2024-03-21 12:21 GMT

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കത് വയില്‍ എട്ടു വയസ്സുകാരിയായ മുസ് ലിം പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിരുന്ന ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ചൗധരി ലാല്‍ സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് ചൗധരി ലാല്‍ സിങിന് അംഗത്വം നല്‍കിയത്. 2018ല്‍ കത്‌വയിലെ രസാനയില്‍ ക്ഷേത്രത്തിനടുത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ എട്ടോളം പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത ശേഷം കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയ സംഭവം രാജ്യത്ത് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. പ്രതികള്‍ക്ക് പിന്തുണയുമായി ഹിന്ദുത്വര്‍ നടത്തിയ റാലിയില്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തത് വന്‍ വിവാദമായതിനു പിന്നാലെ ചൗധരി ലാല്‍ സിങിനെ ബിജെപി കൈവിട്ടിരുന്നു. നേരത്തേ കോണ്‍ഗ്രസ് നേതാവായിരുന്ന ഇയാള്‍ ബിജെപിയിലേക്ക് കൂറുമാറുകയായിരുന്നു. ലോക്‌സഭാ സീറ്റ് നിഷേധിച്ചതാണ് പാര്‍ട്ടി വിടാന്‍ കാരണം. കോണ്‍ഗ്രസ് ടിക്കറ്റില്‍ മൂന്ന് തവണ എംഎല്‍എയും ഉധംപൂരില്‍ നിന്ന് രണ്ട് തവണ എംപിയുമായ ചൗധരി ലാല്‍ സിങ് 2014ല്‍ ബിജെപിയില്‍ ചേര്‍ന്ന ശേഷം ജമ്മു കശ്മീരില്‍ പിഡിപി-ബിജെപി മന്ത്രിസഭയില്‍ അംഗമായിരുന്നു. കത് വ വിവാദത്തിനു പിന്നാലെ ദോഗ്ര സ്വാഭിമാന്‍ സംഘാതന്‍ പാര്‍ട്ടി എന്നപേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി ഉധംപൂരില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ, ജമ്മു കശ്മീരില്‍ നിന്നുള്ള നിരവധി നേതാക്കള്‍ രാഹുലിനൊപ്പം നിന്നപ്പോള്‍ ചൗധരി ലാല്‍ സിങിനെ വേദിയിലേക്ക് ക്ഷണിച്ചിരുന്നില്ല. ഇയാളുടെ ഭാര്യ നടത്തുന്ന വിദ്യാഭ്യാസ ട്രസ്റ്റുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നേരിട്ട സിംഗ്, കഴിഞ്ഞ വര്‍ഷം നവംബറില്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച ചടങ്ങില്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് ചൗധരി ലാല്‍സിങ് സൂചിപ്പിച്ചു. മുസ് ലിം, രജപുത്ര വിഭാഗത്തിന് മികച്ച സ്വാധീനമുള്ള ഉധംപൂര്‍ മണ്ഡലത്തില്‍ ബിജെപിയുടെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് മല്‍സരിക്കുന്നത്.

Tags:    

Similar News