ആരോഗ്യനില വഷളായി; ലാലുവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റും
ന്യൂമോണിയ ബാധിച്ച ലാലു പ്രസാദ് യാദവിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലായെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.
റാഞ്ചി: ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും മുന്‍കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം. ന്യൂമോണിയ ബാധിച്ച ലാലു പ്രസാദ് യാദവിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലായെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യനില തീര്‍ത്തും മോശമായതോടെ ലാലുവിനെ നിലവില്‍ ചികിത്സയിലിരിക്കുന്ന റാഞ്ചിയില്‍ നിന്നും ഡല്‍ഹി എയിംസിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി ലാലുവിനെ ആര്‍ജെഡി അധ്യക്ഷനും മകനുമായ തേജസ്വി യാദവ്, ഭാര്യ റാബ്‌റി ദേവി, മറ്റു മക്കളായ തേജ് പ്രതാപ് യാദവ്, മിസാ ഭാരതി എന്നിവര്‍ സന്ദര്‍ശിച്ചിരുന്നു.
പിതാവിന്റെ ആരോഗ്യനില മോശമാണെന്നും അദ്ദേഹത്തിന് കൂടുതല്‍ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്നും തേജ് പ്രതാപ് സന്ദര്‍ശനത്തിന് ശേഷം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിനെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന് പ്രമേഹം വല്ലാതെ വര്‍ധിച്ചിട്ടുണ്ട്, വൃക്കകളുടെ പ്രവര്‍ത്തനവും മന്ദഗതിയിലാണ്, ഇതു കൂടാതെ ന്യൂമോണിയയും സ്ഥിരീകരിച്ചിരിക്കുന്നു മാധ്യമങ്ങളെ കണ്ട തേജസ്വി പറഞ്ഞു.