അതിര്‍ത്തിയിലെ ഏറ്റുമുട്ടല്‍ ഇസ്രയേലിന്റെ സൃഷ്ടിയെന്ന് ഹിസ്ബുല്ല
തെറ്റായ വിജയങ്ങള്‍ സൃഷ്ടിക്കാനുള്ള ഇസ്രായേലിന്റെ ശ്രമമാണിതെന്നും ഹിസ്ബുല്ല ചൂണ്ടിക്കാട്ടി.
ബെയ്‌റൂത്ത് (ലബനാന്‍): തിങ്കളാഴ്ച ലബനാന്‍-ഇസ്രായേല്‍ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിന് കാരണമായി ഇസ്രായേല്‍ അവകാശപ്പെടുന്ന തങ്ങളുടെ പോരാളികളുടെ 'നുഴഞ്ഞുകയറ്റ ശ്രമം' നിഷേധിച്ച് ലബനാനിലെ പോരാട്ട സംഘടനയായ ഹിസ്ബുല്ല. തെറ്റായ വിജയങ്ങള്‍ സൃഷ്ടിക്കാനുള്ള ഇസ്രായേലിന്റെ ശ്രമമാണിതെന്നും ഹിസ്ബുല്ല ചൂണ്ടിക്കാട്ടി.
അതേസമയം, കഴിഞ്ഞയാഴ്ച സിറിയയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികാരം ചെയ്യുമെന്ന് വ്യക്തമാക്കിയ ലബനാന്‍ പോരാട്ട സേന ഇസ്രായേലിനെതിരേ തിരിച്ചടി ഉറപ്പാണെന്നും മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തിയിലെ നുഴഞ്ഞു കയറ്റശ്രമം ഹിസ്ബുല്ല നിഷേധിച്ചതിനെതിരേ തര്‍ക്കമുന്നയിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹിസ്ബുല്ല തീ കൊണ്ട് കളിക്കുകയാണെന്ന് കുറ്റപ്പെടുത്തി.
മൂന്നു മുതല്‍ അഞ്ചു വരെ പേരടങ്ങുന്ന ഹിസ്ബുല്ല സംഘം ഇസ്രയേല്‍ സേന്യം കൈവശപ്പെടുത്തിയ ഷെബാ ഫാംസ് പ്രദേശത്തേക്ക് നുഴഞ്ഞുകയറിയെന്നും ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്ത് സംഘത്തെതുരത്തിയെന്നും ഇസ്രായേല്‍ സൈന്യം നേരത്തെ അവകാശപ്പെട്ടിരുന്നു. 1967ലെ യുദ്ധത്തിലാണ് ലബ്‌നാന്‍ അവകാശവാദമുന്നയിക്കുന്ന ഷെബാ ഫാംസ് ഏരിയ ഇസ്രായേല്‍ പിടിച്ചെടുത്തത്.
ലബ്‌നാനിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടലുണ്ടായെന്ന റിപോര്‍ട്ട് നിഷേധിച്ച ഹിസ്ബുല്ല ആദ്യം വെടിയുതിര്‍ത്ത ഉത്കണ്ഠാകുലരായ ശത്രുവില്‍ നിന്നുള്ള ഏകപക്ഷീയ ആക്രമണമായിരുന്നു അതെന്നും പ്രസ്താവനയില്‍ പറഞ്ഞു. ലെബനന്‍ പ്രദേശത്തുനിന്ന് അധിനിവേശ ഫലസ്തീനിലേക്ക് നുഴഞ്ഞുകയറ്റം നടത്തുമെന്ന് എല്ലാ ശത്രു മാധ്യമങ്ങളും അവകാശപ്പെടുന്നു, എന്നാല്‍ ഇതൊട്ടും ശരിയല്ലെന്ന് ഒരു ഹിസ്ബുല്ല പ്രസ്താവനയില്‍ പറഞ്ഞു. അതിനിടെ, ലബ്‌നാന്‍ അതിര്‍ത്തി ഗ്രാമമായ ഖിയാമിലേക്ക് ഇസ്രായേല്‍ ഷെല്ലാക്രമണം നടത്തി. ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല.
കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ രാജ്യത്തുയര്‍ന്ന ശക്തമായ പ്രതിഷേധത്തില്‍ ശ്രദ്ധതിരിക്കാനാണ് അതിര്‍ത്തി സംഘര്‍ഷമെന്ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയ നിരീക്ഷകര്‍ കുറ്റപ്പെടുത്തുന്നുണ്ട്.