വിഭാഗീയതക്ക് നേതൃത്വം കൊടുത്തു; കാനത്തിനെതിരേ കേന്ദ്ര നേതൃത്വത്തിന് പരാതി
മുമ്പ് സംസ്ഥാന സെക്രട്ടറിയാവാൻ കൂടെ നിർത്തിയ പലരേയും നിർണായക കൂടിയാലോചനകളിൽ നിന്നും ഒഴിവാക്കിയ കാനം എല്ലാം തന്റെ സ്വന്തം നിയന്ത്രണത്തിലേക്ക് മാറ്റിയതോടെയാണ് കടുത്ത കാനം പക്ഷക്കാരായിരുന്ന നേതാക്കൾ ഉൾപ്പെടെ കാനവുമായി അകന്ന് കാനം വിരുദ്ധ കൂട്ടായ്മയുടെ ഭാഗമായത്.
കൊച്ചി: കേരളത്തിലെ സിപിഐ ഒരു പ്രത്തേക കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. പാർട്ടിക്കകത്തെ കടുത്ത വിഭാഗീയത പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എറണാകുളം ജില്ലയിൽ നിന്ന് കേന്ദ്ര നേതൃത്വത്തിന് നൽകിയിരിക്കുന്ന പരാതി. മുൻ ജില്ലാ സെക്രട്ടറി പി രാജുവാണ് പരാതി നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം.
ഇക്കഴിഞ്ഞ ആഗസ്ത് 25 മുതൽ 28 വരെ ഏലൂരിൽ വച്ച് നടന്ന എറണാകുളം ജില്ലാ സമ്മേളനത്തിൽ പരസ്യമായി ഗ്രൂപ്പ് യോഗം വിളിച്ചു ചേർത്തെന്നാണ് പരാതി. ജില്ലാ കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുത്തതിന് പിന്നാലെ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിന് മുമ്പായാണ് കാനത്തിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് യോഗം ചേർന്നത്. ഇതിന്റെ ദൃശ്യങ്ങൾ സഹിതമാണ് പി രാജു പരാതി നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം.
സിപിഐ എറണാകുളം ജില്ലാ സമ്മേളനം പൂർത്തിയാക്കാൻ നിശ്ചയിച്ച സമയം കഴിഞ്ഞും തിരഞ്ഞെടുപ്പ് നീണ്ടുപോയിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനം വോട്ടെടുപ്പിലൂടെ ആയിരുന്നു നിശ്ചയിച്ചത്. പാർട്ടി ഔദ്യോഗിക സ്ഥാനാർതി കെ എൻ സുഗതനെ 5 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് കെ എൻ ദിനകരൻ തോല്‍പ്പിച്ചത്. പാർട്ടി സംസ്ഥാന നേതൃത്വം നിശ്ചയിച്ച സ്ഥാനാർത്ഥിക്കെതിരേ കാനം രാജേന്ദ്രൻ ഗ്രൂപ്പ് യോഗം ചേർന്ന് എതിർ സ്ഥാനാർത്ഥിയെ നിർത്തിയെന്നുമാണ് പരാതി.
അതേസമയം കേന്ദ്ര നേതൃത്വം കേരളത്തിലെ സംഘടനയ്ക്കകത്തെ വിഷയങ്ങൾ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രായപരിധി മാനദണ്ഡങ്ങൾ മാത്രമല്ല ഈ സമ്മേളനത്തിൽ അവലംബിച്ചതെന്നും നേതൃത്വത്തിലും കമ്മിറ്റികളിലുമടക്കം അടക്കം സ്ത്രീ-ദലിത്-മുസ് ലിം -ന്യൂനപക്ഷ മുഖങ്ങൾ ഉണ്ടാകണമെന്നുമാണ് കേന്ദ്ര നിർദേശമെന്ന് ഒരു ദേശീയ നിർവാഹക സമിതി അംഗം തേജസ് ന്യൂസിനോട് പ്രതികരിച്ചു.
കാനത്തിന്റെ നേതൃത്വത്തിൽ പരസ്യമായ വിഭാഗീയത ജില്ലാ സമ്മേളനങ്ങളിൽ പ്രകടമായതോടെ കാനം വിരുദ്ധ ചേരിയും നിലവിൽ വന്നിട്ടുണ്ട്. കെ ഇ ഇസ്മായിലിന്റെ നേതൃത്വത്തിൽ നേതാക്കൾ അണിനിരന്നതോടെ ഇനിയൊരു തവണകൂടി സെക്രട്ടറിയാകാമെന്ന കാനത്തിന്റെ മോഹത്തിന് വെല്ലുവിളി ഉയർന്നിട്ടുണ്ട്. മൂന്നാം തവണ സെക്രട്ടറിയാകണമെങ്കിൽ സംസ്ഥാന സമ്മേളനത്തിൽ മൂന്നിൽ രണ്ട് വോട്ട് ലഭിക്കേണ്ടതുണ്ട്. കാനം ഗ്രൂപ്പിന് അതീതമായി നേതാക്കളുടെ കൂട്ടായ്മ രൂപപ്പെട്ടത് കാനം രാജേന്ദ്രന് സെക്രട്ടറി സ്ഥാനത്ത് നിന്ന് പടിയിറങ്ങേണ്ടി വരുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
എൻ ഇ ബലറാമും, അച്യുത മേനോനും, പികെവിയും വെളിയവും ഉൾപ്പെടെ സിപിഐയുടെ നാളിതുവരെയുള്ള സംസ്ഥാന സെക്രട്ടറിമാർ പാർട്ടിക്ക് അകത്തും പുറത്തും പൊതുസ്വീകാര്യരും രാഷ്ട്രീയ കേരളം ആധരിക്കുന്ന നേതാക്കളുമായിരുന്നു. കാനം കാലം സിപിഐയുടെ കേരള രാഷ്ട്രീയത്തിലെ അടിത്തറ ഇളക്കുന്നു എന്ന തിരിച്ചറിവിൽ സിപിഐയുടെ വലിയ വിഭാഗം നേതാക്കന്മാർ കാനത്തിനെതിരേ ഒരുമിച്ചതായാണ് അറിയുന്നത്. കാനം വിരുദ്ധ ചേരിയായി അറിയപ്പെടുന്ന ഇസ്മായിൽ പക്ഷം എന്നതിനപ്പുറത്തേക്ക് ഈ നേതാക്കന്മാരുടെ കൂട്ടായ്മ സിപിഐയിൽ വളർന്നിട്ടുണ്ട്. കാനം സിപിഐയിൽ ഒറ്റപ്പെടുന്നതിലേക്ക് ഈ നീക്കത്തിന് സാധിച്ചിട്ടുണ്ട്. ഇതുവരെ കഴിഞ്ഞ 12 സമ്മേളനങ്ങളിലും കാനത്തിന് രൂക്ഷ വിമർശനമാണ് നേരിടേണ്ടി വന്നിട്ടുള്ളത്.
മുമ്പ് സംസ്ഥാന സെക്രട്ടറിയാവാൻ കൂടെ നിർത്തിയ പലരേയും നിർണായക കൂടിയാലോചനകളിൽ നിന്നും ഒഴിവാക്കിയ കാനം എല്ലാം തന്റെ സ്വന്തം നിയന്ത്രണത്തിലേക്ക് മാറ്റിയതോടെയാണ് കടുത്ത കാനം പക്ഷക്കാരായിരുന്ന നേതാക്കൾ ഉൾപ്പെടെ കാനവുമായി അകന്ന് കാനം വിരുദ്ധ കൂട്ടായ്മയുടെ ഭാഗമായത്. സിപിഐയുടെ അസ്ഥിത്വവും ആദർശ ശുദ്ധിയും വീണ്ടെടുക്കുക എന്ന ഏക അജണ്ടയിൽ ഈ നേതാക്കളെല്ലാം ഒരുമിക്കുന്ന കാഴ്ച്ചയാവും സിപിഐ സംസ്ഥാന സമ്മേളനത്തിൽ ഉണ്ടാവുക.