ലോക്ക് ഡൗണ്‍ നീട്ടില്ല; സംസ്ഥാനങ്ങള്‍ക്ക് ഘട്ടങ്ങളായി പിന്‍വലിക്കാമെന്ന് പ്രധാനമന്ത്രി

Update: 2020-04-02 18:44 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനം തടയാന്‍ രാജ്യത്ത് പ്രഖ്യാപിച്ച 21 ദിവസത്തെ ദേശീയ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍, അതാതു സംസ്ഥാനങ്ങളുടെ മേല്‍നോട്ടത്തില്‍ പ്രാദേശിക സാഹചര്യങ്ങള്‍ വിലയിരുത്തു ലോക്ക് ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാമെന്നും മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി സൂചന നല്‍കി. വൈറസിന്റെ പ്രഭവകേന്ദ്രങ്ങളായി തുടരുന്ന മേഖലകളില്‍ ലോക്ക് ഡൗണ്‍ തുടരും. എന്നാല്‍, ഈ മാസം 14ന് ലോക്ക് ഡൗണ്‍ കഴിയുന്നതിനാല്‍ ജാഗ്രത അവസാനിപ്പിക്കരുതെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.

    ജനങ്ങളുടെ പരിമിതമായ സഞ്ചാരത്തിനു പദ്ധതി തയ്യാറാക്കണം. കേന്ദ്രവുമായി ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കണം. അടുത്ത ഏതാനും ദിവസങ്ങളില്‍ പരിശോധനയ്ക്കും സമ്പര്‍ക്ക വിലക്കിനും ഊന്നല്‍ നല്‍കണം. ലോക്ക് ഡൗണ്‍ അവസാനിച്ചാലും കാര്യങ്ങള്‍ പഴയതു പോലെയാവരുത്. മുന്‍കരുതല്‍ തുടരണം. സാമൂഹിക അകലം എന്ന കാര്യം ഗൗരവത്തിലെടുക്കണം. കൊവിഡ് ബാധിതര്‍ക്ക് പ്രത്യേക ആശുപത്രിയും സംവിധാനങ്ങളും വേണം. ജില്ലാ തലത്തില്‍ പ്രതിസന്ധി നിവാരണസംഘം രൂപീകരിക്കണം. ആഗോളതലത്തിലും സാഹചര്യം നല്ലതല്ല. ചില രാജ്യങ്ങളില്‍ രണ്ടാമതും വൈറസ് വ്യാപിച്ചേക്കാമെന്ന ഭീതി നിലനില്‍ക്കുകയാണെന്നും മോദി പറഞ്ഞു. വിഡീയോ കോണ്‍ഫറന്‍സ് വഴി നടത്തിയ യോഗത്തില്‍ പ്രധാനമന്ത്രിക്കു പുറമെ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവരും പങ്കെടുത്തു.





Tags:    

Similar News