ലോക്ക് ഡൗണ്‍ കാലയളവ് സേവന നിരതമാക്കി എസ് ഡിപിഐ

Update: 2020-04-08 16:46 GMT

കണ്ണൂര്‍: കൊവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കാലയളവില്‍ രോഗികള്‍ക്കും മറ്റു പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും ആശ്വാസമേകി എസ് ഡിപിഐ പ്രവര്‍ത്തകര്‍. മുന്‍കരുതലില്ലാതെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പല കുടുംബങ്ങള്‍ക്കും ആവശ്യാനുസരണം ഭക്ഷ്യ വിഭവങ്ങളോ മറ്റ് അവശ്യ വസ്തുക്കളോ ഇല്ലാതിരുന്നത് ഏറെ പ്രയാസത്തിലാക്കി. ഇത്തരം കുടുംബങ്ങളുടെ ലിസ്റ്റുണ്ടാക്കി അവര്‍ക്ക് ഭക്ഷണങ്ങള്‍ എത്തിച്ചുനല്‍കിയാണ് എസ് ഡിപിഐ ലോക്ക് ഡൗണ്‍ കാലത്തെ സേവനം ആരംഭിച്ചത്.

    ഇതിനിടെ, ജോലി ഇല്ലാതെ പ്രയാസത്തിലായ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും പോലിസ് നിര്‍ദേശമനുസരിച്ച് കണ്ണൂര്‍, വളപട്ടണം, മുഴപ്പിലങ്ങാട് എന്നീ മേഖലകളില്‍ ഭക്ഷണ കിറ്റുകള്‍ നല്‍കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അര്‍ഹരായ ആളുകള്‍ക്ക് ഭക്ഷണമെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ക്വിക്ക് റെസ്‌പോണ്‍സ് സെല്‍' എന്ന പേരില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്കുള്ള മരുന്നുകള്‍ മംഗലാപുരം, കോഴിക്കോട്, മലബാര്‍ കാന്‍സര്‍ സെന്റര്‍, പരിയാരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച് മണ്ഡലം തല വോളന്റിയര്‍മാര്‍ മുഖേന ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കി. ഇതിന് പ്രവര്‍ത്തകരുടെ ചെയിന്‍ ശൃംഖല ഉപയോഗപ്പെടുത്തിയാണ് ക്വിക്ക് റെസ്‌പോണ്‍സ് സെല്‍ പ്രവര്‍ത്തിക്കുന്നത്.

    രോഗികള്‍ക്ക് ആവശ്യമായ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും ചില സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിതരണം ചെയ്തു. ലോകവ്യാപകമായി പടര്‍ന്നുപിടിച്ച മഹാമാരിയില്‍ ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നവരുടേത് ഉള്‍പ്പെടെയുള്ള കുടുംബങ്ങളും പ്രയാസത്തിലാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണാനുള്ള സൗകര്യങ്ങളും പാര്‍ട്ടി ഒരുക്കിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് ജങ്ങളുടെ ആവശ്യങ്ങളറിഞ്ഞുള്ള എസ്ഡിപിഐയുടെ സേവനങ്ങള്‍ക്ക് വിദേശത്ത് നിന്നുള്‍പ്പെടെ വന്‍ പ്രോല്‍സാഹനവും പിന്തുണയുമാണ് ലഭിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.


Tags:    

Similar News