കോഴിക്കോട്: രാജ്യം ലോക്ക് ഡൗണ്‍ ആണെന്നു കരുതി റെയില്‍ പാളങ്ങളില്‍ കയറിയിരുന്നാല്‍ അപകടം ചൂളം വിളിച്ചെത്തും. പൊതുഗതാഗതത്തിന് വിലക്കുണ്ടെങ്കിലും റെയില്‍വേ ഗതാഗതം പൂര്‍ണമായി നിലച്ചിട്ടില്ല. യാത്രാ തീവണ്ടികള്‍ മാത്രമാണ് നിര്‍ത്തിയിട്ടത്. ചരക്കുവണ്ടികള്‍ ഇപ്പോഴും ഓടുന്നുണ്ട്. ദിനേന 20 ഓളം ചരക്കുവണ്ടികള്‍ കേരളത്തിലൂടെ ഓടുന്നുണ്ട്. കൃത്യമായ സമയക്രമത്തിലായിരിക്കില്ല ഇവയുടെ ഓട്ടം. ഇവയ്ക്കു പുറമെ എന്‍ജിനീയറിങ് ആവശ്യങ്ങള്‍ക്കായി ഓടുന്നവ, ബ്രേക്ക് വാനുള്‍, എന്‍ജിനുകള്‍ എന്നിവയും പാളത്തിലുണ്ടാവും. ഷൊര്‍ണൂരില്‍ നിന്ന് രാവിലെ ആറു മണിക്ക് കൊച്ചിയിലേക്കും വൈകീട്ട് 3.30ന് തിരിച്ചും എന്‍ജിനീയറിങ് ജീവനക്കാരെ വഹിച്ചുകൊണ്ടുള്ള വണ്ടി ഓടുന്നുണ്ട്. തിരുനന്തപുരം നാഗര്‍കോവില്‍ റൂട്ടിലും സമാന സര്‍വീസുണ്ട്. ചരക്കു വണ്ടികള്‍ കോട്ടയം വഴിയും സര്‍വീസ് നടത്തുന്നു. ദീര്‍ഘദൂര സര്‍വീസ് പോയ ട്രെയിനുകള്‍ ആളെയിറക്കി മടങ്ങിവരുന്നുമുണ്ട്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ റെയില്‍ പാളങ്ങളില്‍ കൂട്ടം കൂടിയിരിക്കുന്നത് പതിവായിരിക്കുകയാണ്. ഇത് അപകടം വിളിച്ചുവരുത്തലാണ്. ലോക്ക് ഡൗണ്‍ സമയത്ത് പോലിസിന്റെ കണ്ണില്‍പെടാതിരിക്കാനാണ് റെയില്‍വേ ട്രാക്കിലേക്ക് സൊറക്കമ്പനികള്‍ താവളം മാറ്റുന്നത്.