കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ഒരുങ്ങി ലഖ്‌നൗവിലെ ഗുരുദ്വാരയും മസ്ജിദും
അടിയന്തിര സാഹചര്യമുണ്ടായാല്‍ ഉപയോഗപ്പെടുത്തുന്നതിന് 50 എമര്‍ജന്‍സി കിടക്കകള്‍ അലാംബാഗ് ഗുരുദ്വാര സംഭരിച്ചിട്ടുണ്ട്.
ലഖ്‌നൗ: കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് പിടിമുറുക്കുമെന്ന മുന്നറിയിപ്പുകള്‍ക്കിടെ മഹാമാരിയെ പ്രതിരോധിക്കാന്‍ കൂപര്‍ത്തല ജമാ മസ്ജിദും ലഖ്‌നൗവിലെ അലാംബാഗ് ഗുരുദ്വാരയും ഒരുക്കങ്ങള്‍ തുടങ്ങി.
അടിയന്തിര സാഹചര്യമുണ്ടായാല്‍ ഉപയോഗപ്പെടുത്തുന്നതിന് 50 എമര്‍ജന്‍സി കിടക്കകള്‍ അലാംബാഗ് ഗുരുദ്വാര സംഭരിച്ചിട്ടുണ്ട്. ഓക്‌സിജന്‍ സിലിണ്ടറുകളും കോണ്‍സെന്‍ട്രേറ്ററുകളും റേഷന്‍ കിറ്റുകള്‍, മരുന്നുകള്‍, മാസ്‌ക്കുകള്‍, സ്റ്റീമറുകള്‍, ആംബുലന്‍സ്, ശവപേടകം എന്നിവ ആവശ്യക്കാര്‍ക്കായി അലാംബാഗ് ഗുരുദ്വാര കഴിഞ്ഞ ഒരു മാസമായി നല്‍കി വരുന്നുണ്ട്. ലഖിംപൂര്‍ ഖേരി, റായ് ബറേലി, സീതാപൂര്‍, ഉന്നാവോ തുടങ്ങിയ മറ്റ് ജില്ലകളിലേക്കും സഹായം വ്യാപിപ്പിച്ചിട്ടുണ്ട്.
തങ്ങള്‍ ശനിയാഴ്ച ലഖിംപൂരിലും 'ഓക്‌സിജന്‍ ലങ്കര്‍ സേവ' ആരംഭിക്കുമെന്ന് ഗുരുദ്വാര പ്രസിഡന്റ് നിര്‍മ്മല്‍ സിംഗ് പറഞ്ഞു. അടുത്ത ആഴ്ച അവസാനത്തോടെ അയോധ്യയിലും സേവനങ്ങള്‍ ആരംഭിക്കാനാവുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.തങ്ങള്‍ക്ക് ആളുകളില്‍ നിന്ന് സംഭാവനയും സന്നദ്ധ പ്രവര്‍ത്തകരേയും ലഭിക്കുന്നുണ്ട്. ഇത് കൂടുതല്‍ ആളുകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തങ്ങളെ സഹായിക്കും. കൊവിഡ് ബാധിതരായ ബന്ധുക്കള്‍ക്കു വേണ്ടി വാങ്ങിയ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ പലരും സംഭാവന ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി കപൂര്‍ത്തല ജമാ മസ്ജിദും നിരവധി ഓക്‌സിജന്‍ സിലിണ്ടറുകളും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും സംഭരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.
'പള്ളിയില്‍ ഇതിനകം ആംബുലന്‍സ് ഉണ്ട്, മറ്റൊരു വാഹന കൂടി വാങ്ങാനുള്ള ശ്രമത്തിലാണ്. കൂടാതെ, അടിയന്തിര ഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ ഡോക്ടര്‍മാരേയും സജ്ജരാക്കുന്നുണ്ട്. റേഷന്‍ കിറ്റുകളും പള്ളി വിതരണം ചെയ്യും. എല്ലാ സേവനങ്ങളും സൗജന്യമായിരിക്കും'- മസ്ജിദിലെ ഇമാം തൗഹീദ് ആലം നദ്വി പറഞ്ഞു,
കൊവിഡ് രണ്ടാം തരംഗത്തില്‍ 350 ലധികം രോഗികള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകളും 50 പേര്‍ക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 500 കുടുംബങ്ങള്‍ക്ക് റേഷന്‍ കിറ്റുക നല്‍കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.