ലഖ്‌നോ ലുലു മാളിലെ നമസ്‌കാരം;അറസ്റ്റിലായവര്‍ക്ക് ജാമ്യം
ലഖ്‌നോ എസിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്
ലഖ്‌നോ:ലഖ്‌നോയിലെ ലുലു മാളില്‍ നമസ്‌കരിച്ച കേസില്‍ അറസ്റ്റിലായ ആറുപേര്‍ക്ക് ജാമ്യം. മുഹമ്മദ് ആദില്‍, മുഹമ്മദ് സഈദ്, മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് ആതിഫ്, മുഹമ്മദ് റെഹാന്‍, മുഹമ്മദ് ലുഖ്മാന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.ലഖ്‌നോ എസിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഉപാധികളോടെയാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. 20,000 രൂപ ആള്‍ജാമ്യത്തുകയായി നല്‍കണം. ഇതോടൊപ്പം കോടതിയില്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണം. തെളിവ് നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും കര്‍ശനനിര്‍ദേശം നല്‍കി.ഇവരുടെ മൊബൈന്‍ നമ്പറുകള്‍ കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ജൂലൈ 13നാണ് പുതുതായി ഉദ്ഘാടനം ചെയ്ത ലുലു മാളില്‍ ഒരുകൂട്ടം ആളുകള്‍ നമസ്‌കരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതിനു പിറകെ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തി. ബജ്‌റംഗ്ദള്‍, കര്‍ണിസേന, ഹിന്ദു യുവമഞ്ച്, ഹിന്ദു സമാജ് പാര്‍ട്ടി തുടങ്ങിയ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് മാളിനു മുന്നില്‍ നടന്നത്. പ്രതിഷേധക്കാര്‍ ഹനുമാന്‍ ചാലിസ ചൊല്ലുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.ജീവനക്കാരെ നിയമിക്കുമ്പോള്‍ മാള്‍ അധികൃതര്‍ ഹിന്ദുക്കളോട് വിവേചനം കാണിക്കുകയും ലൗ ജിഹാദ് നടത്തുകയും ചെയ്യുന്നതായും ഹിന്ദുത്വര്‍ ആരോപിച്ചു. മാള്‍ ജീവനക്കാരില്‍ 70 ശതമാനവും മുസ്‌ലിം പുരുഷന്മാരും ബാക്കിയുള്ളവര്‍ ഹിന്ദു സമുദായത്തില്‍ നിന്നുള്ള സ്ത്രീകളുമാണെന്നായിരുന്നു പരാതിയിലെ ആരോപണം.വിവാദത്തിനു പിന്നാലെ, മാള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.