പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ സുരക്ഷകവചമൊരുക്കി തദ്ദേശീയമായി നിര്‍മിച്ച ലേസര്‍ ആയുധം

12.5 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യത്തെ ലേസര്‍ ഉപയോഗിച്ചു വീഴ്ത്താനും ഇതിനു കഴിയും. ഞൊടിയിടയ്ക്കുള്ളില്‍ ശത്രുഡ്രോണുകളെ തിരിച്ചറിയാനും നിഷ്‌ക്രിയമാക്കാനും ഈ സംവിധാനത്തിനു കഴിയും.

Update: 2020-08-15 12:41 GMT

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ സുരക്ഷാ കവചമൊരുക്കിയത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലേസര്‍ ആയുധം.

മൈക്രോ ഡ്രോണുകളെ വരെ മൂന്നു കിലോമീറ്റര്‍ ദൂരത്തുനിന്നു തിരിച്ചറിഞ്ഞ് തടഞ്ഞുനിര്‍ത്താന്‍ കഴിയുന്ന ഡ്രോണ്‍വേധ സംവിധാനമാണ് ഇതിനായി പ്രയോജനപ്പെടുത്തിയത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ് ഇത് വികസിപ്പിച്ചെടുത്തത്. 12.5 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യത്തെ ലേസര്‍ ഉപയോഗിച്ചു വീഴ്ത്താനും ഇതിനു കഴിയും. ഞൊടിയിടയ്ക്കുള്ളില്‍ ശത്രുഡ്രോണുകളെ തിരിച്ചറിയാനും നിഷ്‌ക്രിയമാക്കാനും ഈ സംവിധാനത്തിനു കഴിയും.

ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ മുഖ്യാതിഥി ആയിരുന്ന റിപ്പബ്ലിക് ദിന ചടങ്ങിലും ഈ ഡ്രോണ്‍വേധ സംവിധാനം വിന്യസിച്ചിരുന്നു. അഹമ്മദാബാദില്‍ ട്രംപ്‌മോദി റോഡ്‌ഷോയ്ക്ക് സുരക്ഷ ഒരുക്കാനും ഡ്രോണ്‍വേധ സംവിധാനം ഉപയോഗിച്ചിരുന്നു. രാജ്യത്തിന്റെ പടിഞ്ഞാറ്, വടക്കന്‍ മേഖലകളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചു നടത്തുന്ന ആക്രമണശ്രമങ്ങളെ തകര്‍ക്കാനാണ് ഈ സംവിധാനം പ്രധാനമായും ഉപയോഗിക്കുന്നത്.


Tags:    

Similar News