സെലിബ്രിറ്റി ട്വീറ്റുകള്‍ക്ക് പിന്നില്‍ ബിജെപി?; അന്വേഷിക്കാൻ മഹാരാഷ്ട്ര സര്‍ക്കാര്‍
അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൈന നെഹ്‌വാള്‍ എന്നിവരുടെ ട്വീറ്റുകള്‍ ഒരേ രീതിയിലുള്ളവയാണ്. അക്ഷയ് കുമാറിന്റേയും സൈന നെഹ്‌വാളിന്റേയും പ്രതികരണങ്ങള്‍ സമാനമാണ്
മുംബൈ: സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണോ താരങ്ങള്‍ കാര്‍ഷിക നിയമത്തെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണങ്ങള്‍ നടത്തിയതെന്ന് അന്വേഷിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ഒരേ സമയത്ത് ഒരേ ഉള്ളടക്കും സ്വഭാവവും ഉള്ള ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടതിലെ അസ്വഭാവികത ചൂണ്ടാകാട്ടിയാണ് അന്വേഷണം.
കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് ട്വീറ്റ് ചെയ്യാന്‍ സച്ചിന്‍ ഉള്‍പ്പെടെയുള്ള താരങ്ങളില്‍ ബിജെപി സമ്മര്‍ദം ചെലുത്തിയെന്നും ഇതില്‍ അന്വേഷണം നടത്തണമെന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി സച്ചിൻ സാവന്ത് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെടല്‍.
അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൈന നെഹ്‌വാള്‍ എന്നിവരുടെ ട്വീറ്റുകള്‍ ഒരേ രീതിയിലുള്ളവയാണ്. അക്ഷയ് കുമാറിന്റേയും സൈന നെഹ്‌വാളിന്റേയും പ്രതികരണങ്ങള്‍ സമാനമാണ്, സുനില്‍ ഷെട്ടി ഒരു ബിജെപി നേതാവിനെ ടാഗ് ചെയ്തിട്ടുമുണ്ട്. താരങ്ങളും ബിജെപി നേതാക്കളും തമ്മില്‍ ആശയ വിനിമയം നടന്നിട്ടുണ്ടെന്നാണ് ഈ ട്വീറ്റുകളുടെ സമാനസ്വഭാവം സൂചിപ്പിക്കുന്നത്. ഇത് അന്വേഷിക്കപ്പെടണം. ട്വീറ്റ് ചെയ്യാന്‍ താരങ്ങള്‍ക്ക് മേൽ സമ്മര്‍ദമുണ്ടായോ എന്ന് പരിശോധിക്കണമെന്ന് കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടിരുന്നു.
കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് താരം റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെ എന്നിവര്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ഇന്ത്യന്‍ താരങ്ങള്‍ സാമൂഹിക മാധ്യമ പ്രതികരണവുമായി രംഗത്തെത്തിയത്. #IndiaAgainstPropaganda and #IndiaTogether തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് താരങ്ങള്‍ ട്വീറ്റ് ചെയ്തത്.
താരങ്ങളുടെ ട്വീറ്റിനെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. തന്റേതല്ലാത്ത ഒരു മേഖലയെ കുറിച്ച് പ്രതികരിക്കുമ്പോള്‍ സച്ചിന്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നായിരുന്നു എന്‍സിപി നേതാവ് ശരത് പവാറിന്റെ വിമര്‍ശനം.
പ്രക്ഷോഭം നടക്കുന്നയിടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിലക്കിയ വാര്‍ത്തയോടൊപ്പം 'എന്താണ് നമ്മള്‍ ഇതേ പറ്റി സംസാരിക്കാത്ത്' എന്ന ചോദ്യമാണ് റിഹാന ഉയര്‍ത്തിയത്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള നാലാമത്തെ വ്യക്തികൂടിയാണ് റിഹാന. പങ്കുവെച്ച് നിമഷങ്ങള്‍ക്കകം തന്നെ ട്വീറ്റ് ട്രെന്റിങ് ആയിരുന്നു.
ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല. വിദേശികള്‍ക്ക് കാഴ്ച്ചക്കാരാവാം എന്നാല്‍ പ്രതിനിധികളാവാന്‍ ശ്രമിക്കേണ്ടതില്ല. ഇന്ത്യക്ക് സ്വന്തം ജനതയെ നന്നായി അറിയാം. ഒരു ജനതയായി തുടരാം.' എന്നായിരുന്നു സച്ചിന്റെ പ്രതികരണം. ഇതിന് പിന്നാലെ ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം കാര്‍ഷിക സമരത്തില്‍ കേന്ദ്രത്തിനെ പിന്തുണച്ചുകൊണ്ട് ഒരേ ഉള്ളടക്കമുള്ള ട്വീറ്റുകളായിരുന്നു പങ്കുവെച്ചത്.