ഗോള്‍ഡന്‍ ടെംപിളില്‍ പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിന് നേരെ വെടിവയ്പ് (വീഡിയോ)

മതനിന്ദ കുറ്റത്തിനാണ് ശിരോമണി അകാലിദള്‍ പ്രസിഡന്റും കൂടിയായ സുഖ്ബീര്‍ സിങ് ബാദലിനെ അകാല്‍ തഖ്ത് ശിക്ഷിച്ചിരുന്നത്.

Update: 2024-12-04 04:44 GMT

അമൃത്‌സര്‍: സിഖ് മതനിന്ദ കേസിലെ ശിക്ഷയായി ഗോള്‍ഡന്‍ ടെംപിളിന് മുന്നില്‍ കാവല്‍ നില്‍ക്കുകയായിരുന്ന പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങിന് നേരെ വെടിവയ്പ്. കാലിന് അസുഖമുള്ളതിനാല്‍ വീല്‍ ചെയറില്‍ സേവാദാര്‍ യൂണിഫോമില്‍ കാവലിരിക്കുമ്പോഴാണ് വെടിവയ്പുണ്ടായത്. വെടിവയ്ച്ചയാളെ ഉടന്‍ പ്രദേശത്തുണ്ടായിരുന്നവര്‍ പിടിച്ചുമാറ്റി. ഇയാളെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.

ദള്‍ ഖല്‍സ എന്ന സംഘടനയുടെ പ്രവര്‍ത്തകനായ നാരായണ്‍ സിങ് ചുവാരയാണ് ബാദലിന് നേരെ വെടിയുതിര്‍ത്തതെന്ന് അഡീഷല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഹര്‍പാല്‍ സിങ് പറഞ്ഞു. ഇയാള്‍ ഇന്നലെയും ഗോള്‍ഡന്‍ ടെംപിളില്‍ ഉണ്ടായിരുന്നു. ഇയാള്‍ക്കെതിരെ 2013ല്‍ യുഎപിഎ കേസുണ്ടെന്നും അഡീഷല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

മതനിന്ദ കുറ്റത്തിനാണ് ശിരോമണി അകാലിദള്‍ പ്രസിഡന്റും കൂടിയായ സുഖ്ബീര്‍ സിങ് ബാദലിനെ അകാല്‍ തഖ്ത് ശിക്ഷിച്ചിരുന്നത്. അമൃത്‌സറിലെ ഹര്‍മന്ദിര്‍ സാഹിബിലെ (ഗോള്‍ഡന്‍ ടെംപിള്‍) കക്കൂസ് കഴുകി വൃത്തിയാക്കലായിരുന്നു പ്രധാനശിക്ഷ. അതിന് ശേഷം കാവല്‍ നില്‍ക്കാനും നിര്‍ദേശിച്ചിരുന്നു. അതിന്റെ ഭാഗമായി കാവല്‍ നില്‍ക്കുമ്പോഴാണ് വെടിവയ്പുണ്ടായത്.


ശിരോമണി അകാലിദള്‍-ബിജെപി സഖ്യം പഞ്ചാബ് ഭരിച്ചിരുന്ന 2007-2017 കാലത്ത് സിഖുകാരുടെ മതഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബ് നിരവധി തവണ അവഹേളനത്തിന് ഇരയായിരുന്നു. സിഖ് ഗുരുക്കളുടെ വേഷം കെട്ടിയ ദേരാ സച്ചാ സൗദ മേധാവി രാം റഹീം സിങിന് സര്‍ക്കാര്‍ മാപ്പ് നല്‍കിയതും കുറ്റമായി അകാല്‍ തഖ്ത് കണ്ടെത്തി.


ബാദലിന് പുറമെ അകാലി-ബിജെപി നേതാക്കളായ ബീബി ജഗീര്‍ കൗര്‍, പ്രേം സിങ്, സുര്‍ജിത് സിങ്, ബിക്രംജിത് സിങ് മജീദിയ, സോഹന്‍ സിങ്, മഹേഷ് ഇന്ദര്‍ സിങ്, അദേശ് പ്രതാപ് സിങ് തുടങ്ങിയവരെയും അകാല്‍ തഖ്ത് ശിക്ഷിച്ചു. സുഖ്ബീര്‍ സിങ് ബാദല്‍ മതനിന്ദാ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ നവംബര്‍ 20ന് നാല് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദള്‍ മല്‍സരിച്ചിരുന്നില്ല. രാഷ്ട്രീയ കാംപയിന്‍ നടത്തരുതെന്ന അകാല്‍ തഖ്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു പാര്‍ട്ടി തീരുമാനം.

ഗോള്‍ഡന്‍ ടെംപിളിന് സമീപമാണ് കാലാതീതമായ ദൈവത്തിന്റെ സിംഹാസനം എന്നറിയപ്പെടുന്ന അകാല്‍ തഖ്ത് സ്ഥിതി ചെയ്യുന്നത്. സിഖ് മതവിശ്വാസവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളെല്ലാം അവിടെയുള്ള പുരോഹിതരാണ് എടുക്കുക.

Similar News