യുപിയില്‍ ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു; പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ പത്ത് പേര്‍ പിടിയില്‍
യുവതിയും 24കാരനായ ഭര്‍ത്താവും യുവതിയുടെ വീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. മദ്യ ലഹരിയില്‍ ബൈക്കിലെത്തിയ പത്ത് പേരാണ് രാത്രി റോഡരിലികിട്ട് ദമ്പതിമാരെ ആക്രമിച്ചത്.
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ഭര്‍ത്താവിനെ മരത്തില്‍ ബന്ധിച്ച ശേഷം കണ്മുന്നിലിട്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പത്ത് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം മുസാഫര്‍നഗറിലാണ് നടുക്കുന്ന ക്രൂരത അരങ്ങേറിയത്. യുവതിയെ ബലാത്സംഗം ചെയ്ത നാല് പേരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആറ് പേരെയുമാണ് പോലിസ് പിടികൂടിയത്. പ്രതികളില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും പൊലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഭര്‍ത്താവിനെ മര്‍ദ്ദിച്ച് മരത്തില്‍ കെട്ടിയിട്ട ശേഷം 21കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. യുവതിയും 24കാരനായ ഭര്‍ത്താവും യുവതിയുടെ വീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. മദ്യ ലഹരിയില്‍ ബൈക്കിലെത്തിയ പത്ത് പേരാണ് രാത്രി റോഡരിലികിട്ട് ദമ്പതിമാരെ ആക്രമിച്ചത്.
യുവതിയുടെ അമ്മയെ കാണാനായാണ് ദമ്പതിമാര്‍ തൊട്ടടുത്ത ഗ്രാമത്തിലേക്ക് പോയത്. എന്നാല്‍ വീട്ടിലുണ്ടായിരുന്ന കുഞ്ഞിന് പനിയുണ്ടെന്ന് അറിഞ്ഞതോടെ ഇരുവരും രാത്രി തന്നെ സ്വന്തം വീട്ടിലേക്ക് മടങ്ങി. രാത്രി ഏറെ വൈകിയതിനാല്‍ വാഹനങ്ങളൊന്നും ലഭിച്ചില്ല. ഇതോടെ ദമ്പതിമാര്‍ നടന്നുപോകാന്‍ തീരുമാനിച്ചു.
നടന്നു പോകുന്നതിനിടെയാണ് പത്തംഗ സംഘം ബൈക്കുകളിലെത്തിയത്. ഒരു വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നവരായിരുന്നു ബൈക്കുകളിലുണ്ടായിരുന്നത്. എല്ലാവരും മദ്യ ലഹരിയിലായിരുന്നു. ബൈക്കുകളില്‍ ഇവരെല്ലാം ആദ്യം ദമ്പതിമാരെ പിന്തുടര്‍ന്നു.
യുവതിക്ക് നേരേ അശ്ലീലം പറയാന്‍ തുടങ്ങിയതോടെ ഭര്‍ത്താവ് ചോദ്യം ചെയ്തു. ഇതോടെ യുവാക്കള്‍ ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും റോഡില്‍ നിന്ന് അല്പം മാറിയുള്ള ഒരു മരത്തില്‍ കെട്ടിയിടുകയുമായിരുന്നു. തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്ന നാല് പേര്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു.
ഉപദ്രവിക്കരുതെന്ന് ദമ്പതിമാര്‍ കരഞ്ഞു പറഞ്ഞെങ്കിലും പ്രതികള്‍ ചെവികൊണ്ടില്ല. നാല് പേര്‍ യുവതിയെ ബലാത്സംഗം ചെയ്യുമ്പോള്‍ സംഘത്തിലുണ്ടായിരുന്ന ബാക്കി ആറ് പേരും ഇത് കണ്ടുനില്‍ക്കുകയായിരുന്നു.
യുവതിയെ ക്രൂരമായി ആക്രമിച്ച ശേഷമാണ് പ്രതികള്‍ സംഭവസ്ഥലത്തു നിന്ന് മടങ്ങിയത്. വിവരം പോലിസിനെ അറിയിച്ചാല്‍ അതിന്റെ ഭവിഷത്തുകള്‍ നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. വീട്ടിലെത്തിയ ദമ്പതിമാര്‍ കുടുംബാംഗങ്ങളോടാണ് ആദ്യം വിവരം വെളിപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ കുടുംബാംഗങ്ങളുടെ പിന്തുണയോടെ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
ആക്രമണത്തിനിടെ പ്രതികളില്‍ ചിലര്‍ പേര് വിളിച്ചത് യുവതി ശ്രദ്ധിച്ചിരുന്നു. ഈ പേരുകളും യുവതി പോലിസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. തുടര്‍ന്നാണ് പോലിസ് സംഘം അന്വേഷണം നടത്തി പത്ത് പേരെയും അറസ്റ്റ് ചെയ്തത്. പ്രതികളില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും ഇവരെ ജുവനൈല്‍ ഹോമിലേക്ക് അയച്ചതായും പോലിസ് വ്യക്തമാക്കി.