അമ്മയേയും മുത്തഛനേയും കൊന്ന പ്രതി കശ്മീരില്‍ പിടിയില്‍

Update: 2024-12-30 13:42 GMT

കൊല്ലം: കുണ്ടറയില്‍ അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ പ്രതി പിടിയില്‍. കൊല്ലപ്പെട്ട സ്ത്രീയുടെ മകന്‍ അഖില്‍ കുമാറാണ് കശ്മീരില്‍ വെച്ച് പിടിയിലായത്. 2024 ആഗസ്റ്റ് 17നാണ് കേസിനാസ്പദമായ സംഭവം. ലഹരിക്ക് അടിമയായ അഖില്‍ ലഹരിപദാര്‍ഥം വാങ്ങിക്കുന്നതിന് പണം ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അമ്മ പുഷ്പലതയേയും പിതാവ് ആന്റണിയെയും ആക്രമിച്ചത്. പുഷ്പലത സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുത്തച്ഛന്‍ ആന്റണി രണ്ടാഴ്ചയോളം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ശേഷമാണ് മരിച്ചത്.

ആക്രമണശേഷം അമ്മയുടെ മൊബൈല്‍ ഫോണും മോഷ്ടിച്ചാണ് അഖില്‍ കടന്നുകളഞ്ഞത്. കൊട്ടിയത്തെ ഒരു കടയില്‍ ഈ മൊബൈല്‍ ഫോണ്‍ വിറ്റു. അതിന് ശേഷം ഇയാള്‍ മൊബൈല്‍ ഫോണും മറ്റും ഉപയോഗിച്ചിരുന്നില്ല. ഇയാള്‍ നടത്തിയ എടിഎം ഇടപാടിലൂടെയാണ് ജമ്മുകശ്മീരിലെ ശ്രീനഗറിനടുത്തുള്ള ഒരു സ്ഥലത്ത് എത്തിയതായി കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍ കുണ്ടറ സിഐ, സിപിഒ, ഹരിപ്പാട് സ്‌റ്റേഷനില്‍ നിന്നുള്ള സിപിഒ എന്നിവര്‍ അവിടെ പോയി പിടികൂടുകയായിരുന്നു.

Similar News