ആദിവാസി ഫണ്ട് തട്ടിയെടുത്ത കേസില്‍ സിപിഐ നേതാവിന് വേണ്ടി മണ്ണാർക്കാട് എസ് സി-എസ് ടി കോടതി എപിപി ഇടപെട്ടതായി ആരോപണം
ശനിയാഴ്ച്ചയാണ് വിചാരണ നടപടികൾ ആരംഭിച്ചത്. ആദ്യദിവസത്തെ വിചാരണ നടപടി പൂർത്തിയായതിന് പിന്നാലെ പ്രതിഭാഗം വക്കീലും എപിപിയും വന്ന് കേസ് ഒത്തതുതതീർപ്പാക്കാൻ ആവശ്യപ്പെടുകയായിരുന്നു.
കോഴിക്കോട്: ആദിവാസികളുടെ ഭവന നിര്‍മാണ ഫണ്ട് തട്ടിയെടുത്ത കേസില്‍ സിപിഐ നേതാവിനും കൂട്ടാളികള്‍ക്കും വേണ്ടി മണ്ണാർക്കാട് എസ് സി-എസ്ടി കോടതിയിലെ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഇടപെട്ടതായി ആരോപണം. കേസിലെ വാദിയായ അട്ടപ്പാടി അഗളി ആദിവാസി ഊരിലെ കലാമണിയാണ് വെളിപ്പെടുത്തലുമായി രംഗത്തുവന്നത്.
സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയംഗം പിഎം ബഷീറിനും മറ്റു രണ്ടുപേര്‍ക്കുമെതിരേയാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കേസിൽ കുറ്റപത്രം സമര്‍പ്പിച്ചത്. ശനിയാഴ്ച്ചയാണ് വിചാരണ നടപടികൾ ആരംഭിച്ചത്. ആദ്യദിവസത്തെ വിചാരണ നടപടി പൂർത്തിയായതിന് പിന്നാലെ പ്രതിഭാഗം വക്കീലും എപിപിയും വന്ന് കേസ് ഒത്തതുതതീർപ്പാക്കാൻ ആവശ്യപ്പെടുകയായിരുന്നു.
നിങ്ങളുടെ വീടുകൾ പപൂർത്തീകരിക്കാനുള്ള തുക ബഷീർ തരുമെന്നും, കേസ് ഒത്തുതീർപ്പാക്കണമെന്നുമാണ് ആവശ്യപ്പെട്ടതെന്ന് കലാമണിയുടെ ഭർത്താവ് രാമകൃഷ്ണൻ പറഞ്ഞു. കേസിന്റെ തുടക്കം മുതലേ ഇത് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും, ഹൈക്കോടതിയിൽ പോയിട്ടാണ് ആദിവാസി പീഢനനിരോധന നിയമം ചുമത്തിയതെന്നും, സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്ന വക്കീല് പോലും പ്രതിക്ക് അനുകൂലമായി നിലപാടെടുക്കുകയാണെന്ന് അവർ പറഞ്ഞു.
എന്നാൽ എപിപി ആയ അഡ്വ. ജയൻ ഈ ആരോപണങ്ങൾ നിഷേധിക്കുകയാണ്. താൻ കോടതയിൽ നിന്ന് പുറത്തിറങ്ങിയില്ലെന്ന ന്യായീകരണമാണ് അദ്ദേഹം നൽകുന്നത്. എന്നാൽ അത് ശരിയല്ലെന്നും രണ്ട് പേർക്ക് മാത്രമേ കൃത്യമായി മൊഴി പറയാൻ കഴിയുന്നുള്ളുവെന്ന് പറഞ്ഞാണ് കേസ് ഒത്തുതീർപ്പാക്കാൻ എപിപി അടക്കം ആവശ്യപ്പെട്ടതെന്ന് കലാമണിയുടെ ഭർത്താവ് പറയുന്നു.
കേസ് ഒത്തുതീർപ്പാക്കാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച്ച ഊരിലേക്ക് മാധ്യമപ്രവർത്തകനെന്ന വ്യാജേന മഞ്ചേരി സ്വദേശിയായ അജ്മൽ എന്ന അജു കോലോത്ത് വന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി രാമകൃഷ്മൻ പറഞ്ഞു. കേസ് ഒത്തുതീർപ്പാക്കിയില്ലെങ്കിൽ സിപിഐ രാഷ്ട്രീയമായി നേരിടുമെന്നായിരുന്നു ഭീഷണി. എന്നാൽ വിഷയത്തിൽ പരാതി നൽകിയപ്പോൾ പോലിസ് ആദിവാസി പീഠന നിരോധന നിയമപ്രകാരം കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്നും രാമകൃഷ്ൻ പരിഭവം പറയുന്നു.
തട്ടിപ്പിനിരയായ ആദിവാസികളുടെ പരാതിയെ തുടര്‍ന്നാണ് പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസ് എടുത്തത്. അട്ടപ്പാടി ഭൂതിവഴി ഊരിലെ കലാമണിയുടെ പരാതിയില്‍ 2019 ജൂലൈ മാസം 31നാണ് കേസെടുത്തത്. എന്നാല്‍ കേസിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് മാസങ്ങള്‍ക്ക് ശേഷം ആഭ്യന്തരവകുപ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.
പട്ടികജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമം, ക്രിമിനല്‍ ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പിഎം ബഷീറിനെ കൂടാതെ എല്‍ജെഡി നേതാവ് മുഹമ്മദ് ജാക്കിര്‍, അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ കുറ്റക്കാരെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ മൂന്നുപേരും ഗൂഡാലോചന നടത്തി ഏഴ് കുടുംബങ്ങളില്‍ നിന്നായി 24,80,000 രൂപ കൈപ്പറ്റി യാതൊരുവിധ ഗുണനിലവാരവുമില്ലാതെ വീട് പണിതത് ആദിവാസികളെ ദുരിതത്തിലേക്ക് തള്ളിയിട്ടെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.