പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ കൂട്ട അറസ്റ്റ്: ആര്‍എസ്എസ് വാദങ്ങള്‍ 'പകര്‍ത്തി' റിമാന്റ് റിപോര്‍ട്ട്‌

യുവാക്കളെ ലഷ്‌കറെ തൊയ്ബ, അല്‍ ഖാഇദ, ഐഎസ് തുടങ്ങിയ വിദേശ സംഘടനകളിലേക്ക് ആകര്‍ഷിച്ചു, ഇന്ത്യ ഇസ്‌ലാമിക രാഷ്ട്രമാക്കുന്നതിനായി ഗൂഡാലോചന നടത്തി തുടങ്ങിയ, വര്‍ഷങ്ങളായി സംഘപരിവാരം ഉന്നയിക്കുന്ന വാദങ്ങള്‍ അതേ പടിയാണ് റിമാന്‍ഡ് റിപോര്‍ട്ടില്‍ എഴുതിച്ചേര്‍ത്തിട്ടുള്ളത്.

Update: 2022-09-24 17:44 GMT

കോഴിക്കോട്: ദേശീയ-സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പോപുലര്‍ ഫ്രണ്ടിനെതിരായ കേസില്‍ എന്‍ഐഎ കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപോര്‍ട്ടിലുള്ളത് കാലങ്ങളായി ആര്‍എസ്എസും സംഘപരിവാര പ്രസ്ഥാനങ്ങളും ഉന്നയിക്കുന്ന വാദങ്ങളെന്ന് ആരോപണം. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ പോപുലര്‍ ഫ്രണ്ട് നിലകൊണ്ടെന്നാണ് എന്‍ ഐഎയുടെ ഒരു ആരോപണം. ബിജെപി നിയന്ത്രണത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ തെറ്റായ രീതിയില്‍ വളച്ചൊടിച്ച് സമൂഹത്തില്‍ വിദ്വേഷ പ്രചാരണത്തിന് പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചെന്നും പറയുന്നുണ്ട്. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളെ കുറിച്ചെല്ലാമാണ് ഇത്തരത്തില്‍ പരാമര്‍ശിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

പോപുലര്‍ ഫ്രണ്ട് നേതാക്കളും പ്രവര്‍ത്തകരും മറ്റ് മതങ്ങള്‍ക്ക് നേരേ ശത്രുത പരത്തി, സാമുദായിക ഐക്യം തകര്‍ക്കുക വഴി ഇന്ത്യക്കെതിരേ പ്രവര്‍ത്തിച്ചു, യുവാക്കളെ ലഷ്‌കറെ തൊയ്ബ, അല്‍ ഖാഇദ, ഐഎസ് തുടങ്ങിയ വിദേശ സംഘടനകളിലേക്ക് ആകര്‍ഷിച്ചു, ഇന്ത്യ ഇസ്‌ലാമിക രാഷ്ട്രമാക്കുന്നതിനായി ഗൂഡാലോചന നടത്തി തുടങ്ങിയ, വര്‍ഷങ്ങളായി സംഘപരിവാരം ഉന്നയിക്കുന്ന വാദങ്ങള്‍ അതേ പടിയാണ് റിമാന്‍ഡ് റിപോര്‍ട്ടില്‍ എഴുതിച്ചേര്‍ത്തിട്ടുള്ളത്. ഏറ്റവും പുതിയതായി പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ഇഡി അറസ്റ്റ് ചെയ്ത ഒരു പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ റിമാന്റ് റിപോര്‍ട്ടിലുള്ളത്. മാസങ്ങള്‍ക്കു മുമ്പ് ബിഹാറില്‍ നിന്ന് ഏതാനും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അന്യായമായി അറസ്റ്റ് ചെയ്തപ്പോള്‍ ഉന്നയിച്ച ആരോപണമാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത പ്രവർത്തകനെതിരേയും ആരോപിച്ചിട്ടുള്ളത്.

കേന്ദ്ര ഏജന്‍സി മാസങ്ങള്‍ക്കു മുമ്പ് ഇദ്ദേഹത്തിന്റെ വീട് പരിശോധിച്ചപ്പോൾ പോലും ഇത്തരം അരോപണമുന്നയിച്ചിരുന്നില്ല. പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, സംസ്ഥാന സെക്രട്ടറി സി എ റൗഫ് എന്നിവരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ലെന്നും അവര്‍ രണ്ടുപേരും ചേര്‍ന്ന് സപ്തംബര്‍ 23 ന് കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇത് ഇവരുടെ സ്വാധീനത്തെ സൂചിപ്പിക്കുന്നതാണെന്ന റിമാന്‍ഡ് റിപോര്‍ട്ടിലുണ്ട്. പോപുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന കമ്മിറ്റി ഓഫിസായ കോഴിക്കോട് മീഞ്ചന്തയിലെ യൂനിറ്റി ഹൗസില്‍ റെയ്ഡ് അവസാനിച്ച ഉടനെ എല്ലാ ചാനലുകാരെയും പത്രപ്രവര്‍ത്തകരെയും വിളിച്ചുവരുത്തി ഇരുവരും പരസ്യമായി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. വിവിധ സ്ഥലങ്ങളില്‍ നടന്ന റെയ്ഡില്‍ കണ്ടെടുത്ത സാധനങ്ങളുടെ ലിസ്റ്റ് വീട്ടുകാര്‍ക്കും ഓഫിസ് ജീവനക്കാര്‍ക്കും നല്‍കിയ എന്‍ ഐഎ ഉദ്യോഗസ്ഥര്‍ തന്നെയാണ് കോടതിയിലെത്തിയപ്പോള്‍, ഒരു പ്രത്യേക വിഭാഗത്തിലെ നേതാക്കളെ ലക്ഷ്യം വയ്ക്കുന്നതെന്ന് കരുതുന്ന രേഖകള്‍ റെയ്ഡില്‍ ലഭിച്ചെന്ന് റിപോര്‍ട്ട് നല്‍കിയിട്ടുള്ളത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സിടിസിആര്‍ ഡിവിഷന്‍(കൗണ്ടര്‍ ടെററിസം കൗണ്ടര്‍ റാഡിക്കലൈസേഷന്‍) സപ്തംബര്‍ 16ന് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് എന്‍ഐഎ റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നു. 2019 ല്‍ നടപ്പിലാക്കിയ എന്‍ഐഎ ഭേദഗതി നിയമപ്രകാരം ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുണ്ടെങ്കില്‍ എന്‍ഐഎക്ക് യുഎപിഎ പ്രകാരം കേസെടുക്കാന്‍ സാധിക്കും. ഇതാണ് കേന്ദ്ര സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിന് എതിരേ പ്രയോഗിച്ചിരിക്കുന്നത്. എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ യുഎപിഎ നിയമം ദുരുപയോഗം ചെയ്യുമെന്ന് രാജ്യത്തെ മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ തുടക്കം മുതല്‍ ഉന്നയിച്ച വാദങ്ങള്‍ ശരിവയ്ക്കുന്നതാണ് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരായ രാജ്യവ്യാപക അറസ്റ്റിലൂടെ വ്യക്തമാകുന്നത്.

Similar News