മൗലാനാ വലി റഹ്മാനിയുടെ വിയോഗം: വിപദ്ഘട്ടത്തിലെ തീരാനഷ്ടമെന്ന് അല്‍ ഹാദി അസോസിയേഷന്‍

ജനാധിപത്യവും മതേതരത്വവും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ആധുനിക ഇന്ത്യയില്‍ മൗലാനാ അവര്‍കള്‍ തന്റെ സമയോചിതമായ ഇടപെടലുകളിലൂടെ സമുദായത്തിന് നല്‍കിയ ആത്മ വിശ്വാസം വിലമതിക്കാനാവാത്തതാണ്.

Update: 2021-04-03 16:35 GMT

തിരുവനന്തപുരം: ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ വലീ റഹ്മാനിയുടെ വിയോഗം ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അല്‍ ഹാദി അസോസിയേഷന്‍ വിലയിരുത്തി. ജനാധിപത്യവും മതേതരത്വവും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ആധുനിക ഇന്ത്യയില്‍ മൗലാനാ അവര്‍കള്‍ തന്റെ സമയോചിതമായ ഇടപെടലുകളിലൂടെ സമുദായത്തിന് നല്‍കിയ ആത്മ വിശ്വാസം വിലമതിക്കാനാവാത്തതാണ്. ഫാസിസം ഫണം വിടര്‍ത്തിയാടുമ്പോള്‍ ഉറച്ച കാല്‍വെയ്പുകളിലൂടെ മുസ്‌ലിം സമുദായത്തിന്റെ അവകാശപ്പോരാട്ടങ്ങളില്‍ നിറസാന്നിധ്യമായി നിലകൊണ്ട അദ്ദേഹം അതാണ് തന്റെ കര്‍മഭൂമിയെന്ന് ഉറക്കെ പറയുകയും ചെയ്തിരുന്നു.

ശാഖാപരമായ വിഷയങ്ങളില്‍ സമുദായത്തിന്റെ ഊര്‍ജം പാഴാകുന്നതില്‍ അദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നു. അതിനാല്‍ തന്നെ വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും വേദികളില്‍ അദ്ദേഹം പങ്കെടുത്ത് മാതൃക കാണിക്കുകയുണ്ടായി. ആത്മീയ പരിശീലന രംഗത്ത് നേതൃപരമായ ചുമതല വഹിച്ച മഹാനവര്‍കള്‍ക്ക് ആയിരക്കണക്കിന് ശിഷ്യഗണങ്ങളുണ്ട്. ആത്മീയ വീഥിയിലെ നെല്ലും പതിരും വേര്‍തിരിച്ച അദ്ദേഹത്തിന്റെ ഖാന്‍ഖാഹുകളില്‍ ജീര്‍ണതയ്ക്കും തീവ്രതയ്ക്കും സ്ഥാനമില്ലായിരുന്നു. മതവിദ്യാഭ്യാസ രംഗത്ത് ശ്രദ്ധയൂന്നാന്‍ സമുദായത്തെ ഉപദേശിച്ച മൗലാനാ, ഭൗതിക വിദ്യ അഭ്യസിക്കുന്നതിലും ഉന്നത ഉദ്യോഗങ്ങളില്‍ സമുദായത്തിന്റെ സാന്നിധ്യവും സ്വാധീനം ഉറപ്പാക്കുന്നതിന് പരിശ്രമിക്കുകയും അതിനായി പ്രായോഗികമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

സംഘപരിവാര്‍ അതിക്രമങ്ങള്‍ക്കെതിരേ ഇന്ത്യയിലുടനീളം സഞ്ചരിച്ച് ബോധവല്‍ക്കരണത്തിനായി പരിശ്രമിച്ച അദ്ദേഹം ന്യൂനപക്ഷ പിന്നാക്ക സമുദായങ്ങളുടെ ഉന്നമനത്തിനും അഭിമാന സംരക്ഷണത്തിനും വേണ്ടി അക്ഷീണം യത്‌നിച്ച നേതാവെന്ന നിലയിലായിരിക്കും ഓര്‍മിക്കപ്പെടുക. സംസ്ഥാന പ്രസിഡന്റ് മാഹീന്‍ ഹസ്രത്ത് അധ്യക്ഷത വഹിച്ചു.

Tags:    

Similar News