തീരുമാനമെടുക്കേണ്ടത് ഉന്നതങ്ങളിൽ മീഡിയവണ്‍ വിലക്കിൽ മറുപടിക്ക് സമയം വേണം: കേന്ദ്രം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹരജികള്‍ പരിഗണിക്കുന്നത് മാറ്റിവെക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കത്ത് നല്‍കിയതെന്നാണ് സൂചന.

Update: 2022-04-06 12:08 GMT

ന്യൂഡല്‍ഹി: മീഡിയ വണ്‍ സംപ്രേക്ഷണ വിലക്ക് ചോദ്യംചെയ്തുള്ള ഹരജികളുടെ മറുപടി സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം തീരുമാനിക്കേണ്ടത് ഉന്നതങ്ങളിലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിന് സമയം ആവശ്യമാണെന്നും അതിനാല്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതിന് നാല് ആഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രം സുപ്രിംകോടതിക്ക് കത്ത് നല്‍കി.

കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനായ അമരീഷ് കുമാറാണ് സുപ്രിംകോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയത്. സംപ്രേഷണ വിലക്ക് ചോദ്യംചെയ്ത് നല്‍കിയ ഹരജികള്‍ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സഞ്ജീവ് ഖന്ന, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ കത്ത് നല്‍കിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹരജികള്‍ പരിഗണിക്കുന്നത് മാറ്റിവെക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കത്ത് നല്‍കിയതെന്നാണ് സൂചന.

സംപ്രേഷണ വിലക്കിനെതിരെ മീഡിയവണ്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്, ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ എന്നിവര്‍ നല്‍കിയ ഹരജികളില്‍ കേന്ദ്രത്തോട് മാര്‍ച്ച് 30നകം മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സുപ്രിംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. മുദ്രവെച്ച കവറില്‍ കൈമാറിയ രേഖകള്‍ ഹരജിക്കാര്‍ക്ക് കൈമാറാമോ എന്നതിനെ സംബന്ധിച്ച നിലപാടും മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു.

മറുപടി സത്യവാങ്മൂലത്തിന് കൂടുതല്‍ സമയം വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തോട് മീഡിയവണ്‍ കോടതിയില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല. മാനേജ്മെന്റിന് വേണ്ടി കോടതിയില്‍ ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്തഗി, ദുഷ്യന്ത് ദാവെ, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവര്‍ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് സൂചന.

Similar News