2012 മുതലുള്ള സംസ്ഥാനത്തെ കസ്റ്റഡി മരണങ്ങള്‍; ജയില്‍ ഐജിയോട് പൂര്‍ണ റിപോര്‍ട്ട് തേടി മേഘാലയ ഹൈക്കോടതി
ഷില്ലോങ്: സംസ്ഥാനത്തെ കസ്റ്റഡി മരണങ്ങളെക്കുറിച്ചുള്ള വിശദമായ റിപോര്‍ട്ട് ആവശ്യപ്പെട്ട് മേഘാലയ ഹൈക്കോടതി. 2012 മുതല്‍ കസ്റ്റഡിയില്‍ മരിച്ചവരുടെ മുഴുവന്‍ പട്ടികയും സഹിതം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജയില്‍ ഇന്‍സ്‌പെക്ടര്‍ ജനറലിനോടാണ് മേഘാലയ ഹൈക്കോടതി നിര്‍ദേശിച്ചത്.
കസ്റ്റഡി മര്‍ദ്ദനവും ജയില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും സംബന്ധിച്ച ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജി, ജസ്റ്റിസ് ഹമര്‍സന്‍ സിങ് താങ്ഖീ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് മരിച്ചവരുടെ വിശദമായ പട്ടിക അടുത്ത പത്ത് ദിവസത്തിനകം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് ജയില്‍ ഐജി അധിക സത്യവാങ്മൂലം നല്‍കണം. ചീഫ് സെക്രട്ടറി ഈ സത്യവാങ്മൂലം പരിശോധിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
'ഒരു പ്രത്യേക കട്ട് ഓഫ് തിയ്യതി സൂചിപ്പിക്കുന്നതാണ് നല്ലത്. അത്തരമൊരു സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചിട്ടുള്ളതല്ലാതെ കസ്റ്റഡി മരണമൊന്നുമുണ്ടായിട്ടില്ലെന്നും സത്യവാങ്മൂലം സ്ഥിരീകരിക്കണം. അങ്ങനെ എന്തെങ്കിലും അപാകത കണ്ടെത്തുകയോ ഏതെങ്കിലും കൂടുതല്‍ പേര് കണ്ടെത്തുകയോ ചെയ്താല്‍ ഐജിക്കെതിരേ ഉചിതമായ നടപടിയെടുക്കാമെന്ന് ബെഞ്ച് പറഞ്ഞു. കസ്റ്റഡി മരണങ്ങള്‍ സംബന്ധിച്ച് നേരത്തെ നല്‍കിയ റിപോര്‍ട്ടുകളിലും സത്യവാങ്മൂലങ്ങളിലും നിരവധി അപാകതകളുണ്ടെന്ന് അമിക്കസ് ക്യൂറിയുടെ നിരീക്ഷണത്തെ പരാമര്‍ശിച്ച് കോടതി ചൂണ്ടിക്കാട്ടി. മെയ് രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.