കേന്ദ്രത്തെ കടന്നാക്രമിച്ച് മെഹബൂബ മുഫ്തി; ഇത് ലക്ഷ്യത്തിനായി ത്യാഗം ചെയ്യേണ്ട സമയം, ആവശ്യമെങ്കില്‍ രക്തം നല്‍കാനും തയ്യാര്‍
'ഒരു ദിവസം അവര്‍ തങ്ങളുടെ കാല്‍ക്കല്‍ വീണു പരിഹാരം ആവശ്യപ്പെടും. ഇത് ഒരു രാഷ്ട്രീയ പോരാട്ടമാണ്, തങ്ങള്‍ ലക്ഷ്യം കൈവരിക്കുമെന്നും മെഹബൂബ വ്യക്തമാക്കി.
ശ്രീനഗര്‍: നേതാക്കള്‍ ലക്ഷ്യത്തിനായി ത്യാഗം ചെയ്യേണ്ട സമയമാണിതെന്നും നേതാക്കള്‍ രക്തം ചൊരിയേണ്ട ആവശ്യമുണ്ടെങ്കില്‍ താന്‍ ആദ്യം അതു നല്‍കുമെന്നും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. 'ഒരു ദിവസം അവര്‍ തങ്ങളുടെ കാല്‍ക്കല്‍ വീണു പരിഹാരം ആവശ്യപ്പെടും. ഇത് ഒരു രാഷ്ട്രീയ പോരാട്ടമാണ്, തങ്ങള്‍ ലക്ഷ്യം കൈവരിക്കുമെന്നും മെഹബൂബ വ്യക്തമാക്കി.
ജമ്മു കശ്മീരിലെ പതാക, ഭരണഘടന, പദവി (ആര്‍ട്ടിക്കിള്‍ 370 പ്രകാരം) പുനസ്ഥാപിക്കുന്നതുവരെ ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തില്ലെന്നും മെഹബൂബ വ്യക്തമാക്കി. 14 മാസം നീണ്ട തടവില്‍ നിന്ന് മോചിതയായ ശേഷം നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്. 'തങ്ങള്‍ കശ്മീര്‍ ഉപേക്ഷിച്ചുവെന്ന് കരുതുന്നവര്‍ക്ക് തെറ്റുപറ്റിയെന്നും മെഹബൂബ പറഞ്ഞു.
കേന്ദ്രത്തെ രൂക്ഷമായ ഭാഷയില്‍ കടന്നാക്രമിച്ച മെഹബൂബ ഭരണഘടന ഉറപ്പുനല്‍കിയ അവകാശങ്ങള്‍ മോഷ്ടിച്ച കവര്‍ച്ചക്കാര്‍ എന്നാണ് അവരെ വിശേഷിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ വിവാദ തീരുമാനത്തിലൂടെ കേന്ദ്രം എടുത്തുകളഞ്ഞ പ്രത്യേക പദവി പുനസ്ഥാപിക്കുന്നതിനായുള്ള തന്റെ പാര്‍ട്ടിയുടെ ഭരണഘടനാ പോരാട്ടം തുടരുമെന്നും മുഫ്തി പറഞ്ഞു.
തങ്ങളുടെ പതാക തിരിച്ചെത്തിയാല്‍ മാത്രമേ തങ്ങള്‍ ദേശീയ പതാക ഉയര്‍ത്തുകയുള്ളൂ. ആര്‍ട്ടിക്കിള്‍ 370 പുന സ്ഥാപിക്കുന്നതുവരെ ഒരു തിരഞ്ഞെടുപ്പിലും മല്‍സരിക്കില്ലെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ സ്വന്തം ഭരണഘടന പ്രകാരമാണ് താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ആ ഭരണഘടന നിര്‍ത്തലാക്കിയാല്‍ തനിക്ക് എങ്ങനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകുമെന്നും അവര്‍ ചോദിച്ചു.
പാര്‍ട്ടിയുടെയും ജമ്മുകശ്മീരിന്റെയും കൊടികള്‍ മേശപ്പുറത്ത് വച്ച് വ്യക്തമായ സൂചന നല്‍കിയായിരുന്നു മെഹബൂബയുടെ വാര്‍ത്താസമ്മേളനം. കവര്‍ച്ചക്കാരന്‍ ശക്തനായേക്കാം, പക്ഷേ മോഷ്ടിച്ച സാധനങ്ങള്‍ അയാള്‍ക്ക് തിരികെ നല്‍കണം. അവര്‍ ഭരണഘടന പൊളിച്ചുമാറ്റി പ്രത്യേക പദവി അപഹരിക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.