സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊന്നത് ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് മന്ത്രി എ സി മൊയ്തീന്‍ -ചൊവ്വന്നൂരില്‍ ഹര്‍ത്താല്‍
ചിറ്റിലങ്ങാട് സിപിഎം പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ സിപിഎം ഹര്‍ത്താല്‍.
സിപിഎമ്മിന് വലിയ സ്വാധീനമുള്ള പ്രദേശമാണ് ചിറ്റിലങ്ങാട്. എന്നാല്‍ സമീപകാലത്തൊന്നും ഇവിടെ രാഷ്ട്രീയസംഘര്‍ഷങ്ങളുണ്ടായിട്ടില്ല. കൊലപാതകം നടത്തിയത് ആര്‍എസ്എസ് ബംജ്‌റംഗദള്‍ പ്രവര്‍ത്തകരാണെന്നും സനൂപിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും ആരോപിച്ചു.
കുത്തേറ്റ ശേഷം സനൂപ് മുന്നൂറ് മീറ്ററോളം ഓടിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇയാള്‍ ഓടിയ വഴിയില്‍ മുഴുവന്‍ ചോരപ്പാടുകള്‍ ദൃശ്യമാണ്. കുത്തേറ്റ സനൂപ് ഓടിയെത്തിയത് പ്രദേശത്തെ ഒരു വീട്ടമ്മയുടെ മുന്നിലേക്കാണ്. അക്രമി സംഘത്തിലുണ്ടായിരുന്ന നന്ദന്‍ എന്നയാളാണ് സനൂപിനെ ഓടിച്ചിട്ട് കുത്തിയതെന്നാണ് പരിക്കേറ്റ മറ്റുള്ളവര്‍ പറഞ്ഞത്.
നന്ദന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് എന്നാണ് വിവരം. പരിക്കേറ്റ സനൂപിന്റെ കൂട്ടുകാരനുമായി അക്രമിസംഘത്തിന് നേരത്തെ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതു പറഞ്ഞു തീര്‍ക്കാനാണ് പഴഞ്ഞി പുതുശ്ശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സനൂപും മറ്റുള്ളവരും ഇവിടേക്ക് എത്തിയത്.
അക്രമിസംഘത്തിനടുത്തേക്ക് സനൂപും സംഘവും എത്തുമ്പോള്‍ അവര്‍ മദ്യപിക്കുകയായിരുന്നുവെന്നും സംസാരിക്കുന്നതിനിടെ പ്രകോപിതരായ നന്ദനും സംഘവും പിന്നെ അക്രമം അഴിച്ചു വിടുകയായിരുന്നുവെന്നുമാണ് സനൂപിനൊപ്പമുണ്ടായിരുന്നവര്‍ പോലിസിന് നല്‍കിയിരിക്കുന്ന മൊഴി. പ്രതികളുടെ കൈയില്‍ നിരവധി ആയുധങ്ങളുണ്ടായിരുന്നുവെന്നും സനൂപിന് നെഞ്ചിനും വയറിനുമാണ് കുത്തേറ്റതെന്നും പോലിസ് അറിയിച്ചു. അക്രമി സംഘത്തില്‍ എട്ടോളം പേരുണ്ടായിരുന്നുവെങ്കിലും നന്ദന്‍ അടക്കമുള്ള നാല് പേരാണ് പ്രധാനമായും അക്രമം നടത്തിയത്.
ചിറ്റിലങ്ങാട് സിപിഎം പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ സിപിഎം ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ല, കടകള്‍ അടയ്ക്കില്ല, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഹര്‍ത്താല്‍.