ന്യൂനപക്ഷക്ഷേമ വകുപ്പ്: മുഖ്യമന്ത്രി ധ്രുവീകരണ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നു- എസ്ഡിപിഐ

അര്‍ഹമായതല്ലാതെ മറ്റൊന്നും ഒരു സമുദായവും നേടുന്നില്ലെന്നും ഒരുവിഭാഗത്തിനും ഒരവകാശവും നഷ്ടപ്പെടുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടത് ഒരു മതേതര സര്‍ക്കാരിന്റെ ബാധ്യതയാണ്.

Update: 2021-05-22 11:53 GMT

കോഴിക്കോട്: ചില കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ തുടര്‍ന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടി ധ്രുവീകരണ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതും സാമൂഹികഘടനയില്‍ വിളളലുകള്‍ വീഴ്ത്താന്‍ പര്യാപ്തവുമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏത് മന്ത്രി കൈകാര്യം ചെയ്താലും അത് നീതി പൂര്‍വകമായിരിക്കണമെന്ന് മാത്രമേയുള്ളൂ. അത് പൊതുജനങ്ങളെ ഒരുതരത്തിലും ബാധിക്കുന്ന പ്രശ്‌നവുമല്ല.

എന്നാല്‍, ഒരു സമുദായം അവിഹിതവും അനര്‍ഹവുമായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടിയെടുത്തുവെന്ന് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ വര്‍ഗീയവല്‍ക്കരിക്കുന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ത്തി ഒരാവശ്യം ഉന്നയിക്കുമ്പോള്‍ ഒരന്വേഷണവും നടത്താതെ പെട്ടെന്നുതന്നെ അതംഗീകരിച്ച് കൊടുക്കുന്നത് ആ ആരോപണങ്ങള്‍ സര്‍ക്കാര്‍ ശരിവയ്ക്കുന്നതിന് തുല്യമാണ്.

ജനാധിപത്യത്തെ അര്‍ഥവത്താക്കുന്ന പ്രാതിനിധ്യരാഷ്ട്രീയത്തെ പരിഗണിക്കാതെ മുന്നാക്കവിഭാഗങ്ങള്‍ക്ക് അമിതപ്രധാന്യം നല്‍കിയെന്ന് ചൂണ്ടിക്കാണിച്ച് ഈ സര്‍ക്കാരിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ നടപടിയെന്നത് സര്‍ക്കാരിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കും. അര്‍ഹമായതല്ലാതെ മറ്റൊന്നും ഒരു സമുദായവും നേടുന്നില്ലെന്നും ഒരുവിഭാഗത്തിനും ഒരവകാശവും നഷ്ടപ്പെടുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടത് ഒരു മതേതര സര്‍ക്കാരിന്റെ ബാധ്യതയാണ്.

അതുകൊണ്ടുതന്നെ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന സമുദായങ്ങള്‍ക്ക് ഇതുവരെ ലഭിച്ച ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് സമുദായം തിരിച്ച് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സാമൂഹ്യനീതി ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്റെ ഇടപെടലുകളെ വര്‍ഗീയതയും ന്യൂനപക്ഷ പ്രീണനവും ആരോപിച്ച് തടയിടാനും വിഭാഗീയത വളര്‍ത്താനുമുള്ള സംഘപരിവാര്‍ രാഷ്ട്രീയത്തെ കരുതിയിരിക്കണമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Tags:    

Similar News